പ്രവാസി ഇന്ത്യക്കാര്‍ വിദേശത്ത് സമ്പാദിക്കുന്ന പണത്തിന് നികുതിയില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യാക്കാരില്‍ നിന്നും ആദായനികുതി ഈടാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പ്രവാസി ഇന്ത്യക്കാര്‍ വിദേശത്ത് സമ്പാദിക്കുന്ന പണത്തിന് നികുതിയില്ലെന്നും ഇന്ത്യന്‍ പൗരനായ പ്രവാസി ഇന്ത്യയില്‍ നേടുന്ന വരുമാനത്തിന് മാത്രമാണ് നികുതി ഏര്‍പ്പെടുത്തുന്നതെന്നും ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി.
പ്രവാസി ഇന്ത്യാക്കാരുമായി ബന്ധപ്പെട്ട് രണ്ട് ഭേദഗതികളാണ് കഴിഞ്ഞ ദിവസം ബഡ്ജറ്റിനൊപ്പം അവതരിപ്പിച്ച ധനബില്ലില്‍ അവതരിപ്പിച്ചത്. പ്രവാസി ഇന്ത്യക്കാരനായി പരിഗണിക്കപ്പെടണമെങ്കില്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് 240 ദിവസമെങ്കിലും വിദേശത്ത് കഴിയണമെന്നതാണ് ഒരു ഭേദഗതി. നേരത്തേ 182 ദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കില്‍ പ്രവാസിയായി പരിഗണിച്ചിരുന്നു. അതേസമയം ആദായ നികുതി ഈടാക്കാത്ത രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളെ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കി നികുതി ചുമത്തുമെന്നായിരുന്നു രണ്ടാമത്തെ ഭേദഗതി.
ഗള്‍ഫ് രാജ്യങ്ങളില്‍ അധികവും ആദായനികുതി ചുമത്താറില്ല. ഉദാഹരണത്തിന് ദുബായില്‍ ഒരാള്‍ സമ്പാദിക്കുന്നതിന് നികുതി ചുമത്തില്ല. എന്നാല്‍ ഇന്ത്യയിലുള്ള സ്വത്തുക്കളില്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നുമുള്ള വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഗള്‍ഫ് അടക്കം മറ്റ് രാജ്യങ്ങളില്‍ ജോലിയെടുക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കുമെന്ന തരത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അവര്‍ അവിടെ സമ്പാദിക്കുന്നതിന് നികുതി ചുമത്തുമെന്നാണ് പ്രചാരണം. ഇത് ശരിയല്ലെന്നും മന്ത്രി പറയുന്നു.
Comments are closed.