സസ്പെന്ഷന് കഴിഞ്ഞ് തിരിച്ചെത്തിയിട്ടും ശമ്പളമോ അലവന്‍സോ നല്കാന് തയ്യാറാവാതെ സര്‍ക്കാര്‍
തിരുവനന്തപുരം: സസ്പെന്ഷന് കഴിഞ്ഞ് തിരിച്ചെത്തിയ ജേക്കബ് തോമസിന് ഷൊറണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡി ആയി ചുമതലയേറ്റിട്ടും ശമ്പളമോ അലവന്‍സോ നല്കാന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അനുമതിയില്ലാതെ പുസ്തകമെഴുത്ത് ഉള്‍പ്പെടെയുളള ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെന്ഷന്. ഐഎംജി ഡയറക്ടര്‍ ആയിരിക്കെ, 2017 ഡിസംബറിലാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് ജേക്കബ് തോമസ് അവസാനമായി ശമ്പളം വാങ്ങിയത്.
പിന്നീട് 2019 ഒക്ടോബറിലാണ് ഷൊറണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി ജേക്കബ് തോമസിനെ സര്‍ക്കാര്‍ നിയമിക്കുന്നത്. സസ്പെന്ഷന് കാലയളിവിലെ വേതനം നല്‍കിയില്ലെന്ന് മാത്രമല്ല, നിലവില്‍ വഹിക്കുന്ന ചുമതലയുടെ ശമ്പളമോ മറ്റ് അലവന്‍സുകളോ ഒന്നും നല്‍കാനും ഡജിപി റാങ്കിലുളള ഉദ്യോഗസ്ഥനായിട്ടും വാഹനമോ, ജീവനക്കാരേയോ അനുവദിച്ച് നല്‍കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
അതേസമയം നിലവില്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഷൊറണുര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിലെ ജീവനക്കാരുടെയും ശമ്പള വിതരണം പ്രതിസന്ധിയിലാണ്. ശമ്പളം നല്കാന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും സംസ്ഥാനം അത് പാലിക്കുന്നില്ലെന്നും തൊഴിലുറപ്പ് പണിക്ക് പോകുന്നവര്‍ക്ക് പോലും കൂലിയുണ്ട്.
ഇക്കാര്യത്തില്‍ ഇനി പരസ്യപ്രതികരണത്തിനില്ലെന്നും ശമ്പളം നല്‍കുന്നതിലെ തടസ്സമെന്തെന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിന് മുമ്പേ തന്നെ കഴിഞ്ഞ മാര്‍ച്ചില്‍ സ്വയം വിരമിക്കലിന് ജേക്കബ് തോമസ് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
Comments are closed.