ശബരിമല : തിരുവാഭരണം പന്തളം രാജകുടുംബത്തിന്റെ കൈവശം തുടരുന്നതിലുള്ള സുരക്ഷാപ്രശ്നങ്ങള്‍ സുപ്രീംകോടതി ഇന്ന് പരിശോധിക്കും
ദില്ലി: ശബരിമലയിലെ തിരുവാഭരണം പന്തളം രാജകുടുംബത്തിന്റെ കൈവശം തുടരുന്നതില്‍ സുരക്ഷാപ്രശ്നങ്ങള്‍ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. തിരുവാഭരണത്തിന്റെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു പ്രത്യേക ഓഫീസറെ നിയമിക്കാത്തത് എന്തുകൊണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനോടും കോടതി ചോദിച്ചിരുന്നു.
കോടതി ആവശ്യപ്പെട്ടാല്‍ തിരുവാഭരണത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കും. പന്തളം കൊട്ടാരത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സ്വകാര്യതര്‍ക്കത്തില്‍ വിവാദനിലപാടെടുത്ത് പണി വാങ്ങാനില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ തിരുവാഭരണങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനില്ലെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യാഴാഴ്ച അറിയിച്ചത്.
കോടതിയാവശ്യപ്പെട്ടാല്‍ പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കുന്ന തിരുവാഭരണത്തിന് കൂടുതല്‍ സുരക്ഷ ഒരുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. മൂന്നൂറിലേറെ അംഗങ്ങളുള്ള പന്തളം കൊട്ടാരത്തിലെ വലിയ കോയിക്കല്‍, കൊച്ചുകോയിക്കല്‍ ശാഖകള്‍ തമ്മിലെ തര്‍ക്കമാണിപ്പോള്‍ കോടതി കയറിയത്.
കൊട്ടാരം നിര്‍വ്വാഹക സമിതിയുടെ നിലവിലെ പ്രസിഡണ്ടും സെക്രട്ടറിയും വലിയ കോയിക്കല്‍ ശാഖ അംഗങ്ങളാണ്. അതേസമയം കൊട്ടാരത്തില്‍ തിരുവാഭരണം സുരക്ഷിതമാണെന്ന് കുടുംബാംഗം ശശികുമാര വര്‍മ പറയുന്നു. ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക. ഇതോടൊപ്പം ശബരിമല ക്ഷേത്രത്തിനായി നിയമം കൊണ്ടുവരുന്നതിന്റെ പുരോഗതിയും കോടതി വിലയിരുത്തുന്നതാണ്.
Comments are closed.