പാലാരിവട്ടം കേസില്‍ വി.കെ. ഇബ്രാഹിംകുഞ്ഞിനെ നിയമസഭാ സമ്മേളനം അവസാനിച്ചാലുടന്‍ വിജിലന്‍സ് ചോദ്യം ചെയ്യും
കൊച്ചി: പാലാരിവട്ടം ഫ്ളൈഓവര്‍ അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും കളമശേരി എം.എല്‍.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ ശക്തമായ തെളിവുകള്‍ വിജലന്‍സിന് ലഭിച്ചതിനെത്തുടര്‍ന്ന് നിയമസഭാ സമ്മേളനം അവസാനിച്ചാലുടന്‍ നോട്ടീസ് നല്കി എറണാകുളം വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യും.
പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് നല്കിയ മൊഴിയാണ് നിര്‍ണായകമായത്. മന്ത്രി ഉത്തരവിട്ടിട്ടാണ് കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയതെന്നായിരുന്നു വെളിപ്പെടുത്തല്‍. കൂടാതെ നേരത്തേ മൊഴിയെടുത്ത റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് മുന്‍ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷിനെയും അടുത്തയാഴ്ച ചോദ്യം ചെയ്യും. അതേസമയം റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് ജനറല്‍ മാനേജന്‍ എം.ഡി. തങ്കച്ചനെ നിയമിച്ചത് വഴിവിട്ടാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
പത്രത്തില്‍ പരസ്യം നല്കി അഭിമുഖം നടത്തിയാണ് സാധാരണ നിയമനം നടത്തുന്നത്. തങ്കച്ചന്റെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല. ഇയാള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് സൂപ്രണ്ടിംഗ് എന്‍ജിനിയറായി വിരമിച്ചയാളാണ്. തുടര്‍ന്ന് ഗവര്‍ണര്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതോടെയാണ് ചോദ്യം ചെയ്യലിന് തയ്യാറെടുക്കുന്നത്.
Comments are closed.