ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഫെബ്രുവരി 15 -ന് വില്‍പ്പനയ്ക്കെത്തിക്കുമെന്ന് മാരുതി
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മാരുതിയുടെ ജനപ്രിയ കോമ്പാക്ട് എസ്യുവി മോഡലായ ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. ഡല്‍ഹിയില്‍ നടന്ന 2020 ഓട്ടോ എക്സ്പോയിലായിരുന്നു വാഹനത്തിന്റെ അരങ്ങേറ്റം.
ഫെബ്രുവരി 15 -ന് വാഹനത്തെ വില്‍പ്പനയ്ക്കായി എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാഹനത്തിന്റെ പുറംമോടിയില്‍ വരുത്തിയിരിക്കുന്നതിനേക്കാള് വലിയ മാറ്റമാണ് എഞ്ചിനില്‍ ഉണ്ടായിരിക്കുന്നത്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് മാറ്റി 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ ബ്രെസയ്ക്ക് കമ്പനി നല്‍കിയിരിക്കുന്നത്.
മാരുതിയുടെ സെഡാന് മോഡലായ സിയാസ്, എംപിവി എര്‍ട്ടിഗ, പ്രീമിയം എംപിവി XL6 എന്നീ വാഹനങ്ങള്‍ക്ക് കരുത്തേകുന്നതും ഇതേ എന്ജിന് തന്നെയാണ്. 2020 ഏപ്രില്‍ ഒന്നോടെ ഡീസല്‍ മോഡലുകളെ പിന്‍വലിക്കാനുള്ള മാരുതിയുടെ പദ്ധതിയുടെ ഭാഗമായാണ് ബ്രെസയുടെ ഡീസല്‍ മോഡലിനെ പിന്‍വലിക്കുന്നത്.
1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിന് 105 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സും പുതിയ പതിപ്പില്‍ ലഭ്യമാണ്. ഹ്യുണ്ടായി വെന്യു, ഫോര്‍ട് ഇക്കോസ്പോര്‍ട്, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300 എന്നിവരാണ് വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.
ഹൈബ്രിഡ് സംവിധാനം ഓട്ടോമാറ്റിക് പതിപ്പില്‍ ലഭ്യമാകുമെന്നാണ് സൂചന. മെക്കാനിക്കല്‍ ഫീച്ചേഴ്സുകളില്‍ മാറ്റം വരുത്തിയതുപോലെ ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, L- ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍, സ്കിഡ് പ്ലേറ്റ്, ഫോഗ്ലാമ്പ് എന്നിവയാണ് മുന്‍വശത്തെ മാറ്റങ്ങള്‍.
വശങ്ങളില് നിന്നു നോക്കുമ്പോള്‍ ഏറ്റവും പുതിയ അലോയി വീലുകളാണ് ശ്രദ്ധേയ മാറ്റം. മെഷീന് കട്ട് ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും, വീല്‍ ആര്‍ച്ചുകളും, ക്ലാഡിങ്ങും, ബ്ലാക്ക് B -പില്ലര്‍, ബോഡി കളറില്‍നിന്ന് മാറിയുള്ള മിറര്‍ എന്നിവയൊക്കെയാണ് വശക്കാഴ്ചയിലെ പുതുമകള്‍.
സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ റിട്രാക്ടിങ്ങ് റിയര്‍വ്യൂ മിറര്‍, ഓട്ടോ ഡിമ്മിങ്ങ്, ആന്റി ഗ്ലെയര്‍ ഗ്ലാസ്, ഗിയര്‍ ഷിഫ്റ്റ് ഇന്റിക്കേറ്റര്‍ എന്നിവ അകത്തളത്തിലെ പുതുമകളാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ MID -ക്കായി ഡിജിറ്റല്‍ ഡിസ്പ്ലേയും ഉണ്ട്. ഉയര്‍ന്ന rpm കാണിക്കുന്നതിന് ടാക്കോമീറ്ററും കമ്പനി നവീകരിച്ചിട്ടുണ്ട്.
Comments are closed.