ചൈനയില്‍ നിന്ന് തൃശ്ശൂരിലെത്തിയ കൊറോണ നിരീക്ഷണത്തിലായിരുന്ന മൂന്നുപേര്‍ ആരോഗ്യ വകുപ്പിന്റെ കണ്ണുവെട്ടിച്ച് ചൈനയിലേയ്ക്ക് കടന്നു

തൃശ്ശൂര്‍ : കൊറോണ വൈറസിനെത്തുടര്‍ന്ന് ചൈനയില്‍ നിന്ന് തൃശ്ശൂരിലെത്തിയ മൂന്നുപേര്‍ 28 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാകും മുന്‍പേ ആരോഗ്യ വകുപ്പിന്റെ കണ്ണുവെട്ടിച്ച് ചൈനയിലേയ്ക്ക് കടന്നു. ചൈനയില്‍ ബിസിനസ്സ് നടത്തുന്ന തൃശ്ശൂരിലെ അടാട്ടു നിന്നുള്ള ദമ്പതിമാര്‍ ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളം വഴിയും കൂര്‍ക്കഞ്ചേരിയില്‍ നിന്നുള്ളയാള്‍ സിംഗപ്പൂര്‍ വഴിയുമാണ് തിങ്കളാഴ്ച തിരികെപ്പോയത്.

തൃശ്ശൂര്‍ ജില്ലയില്‍ മാത്രം വീടുകളില്‍ 233 പേരും ആശുപത്രികളില്‍ എട്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യവകുപ്പ് അധികൃതര്‍ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ ഞായറാഴ്ച വൈകിട്ടുവരെ ഇവര്‍ മൂന്നുപേരും അധികൃതരോട് സംസാരിച്ചിരുന്നു.

അപ്പോഴൊക്കെ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോള്‍ ഇവരുടെ മൊബൈല്‍ നമ്പരുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഇവരുടെ ബന്ധുക്കളോട് അന്വേഷിച്ചപ്പോഴാണ് തിരികെപ്പോയ വിവരം വ്യക്തമായത്. തുടര്‍ന്ന് ചൈനയിലേയ്ക്ക് കടന്നവരുടെ പേരില്‍ എന്തു നടപടി വേണമെന്ന കാര്യത്തില്‍ എമിഗ്രേഷന്‍ വിഭാഗവുമായി ആലോചിച്ച് തീരുമാനമെടുക്കുന്നതാണ്.

Comments are closed.