കണ്ണൂരില്‍ ഒന്നര വയസ്സുകാരന്റെ മൃതദേഹം കടലില്‍ കണ്ടെത്തി
കണ്ണൂര്‍ : കണ്ണൂരില്‍ ഒന്നര വയസ്സുകാരന്റെ മൃതദേഹം കടലില്‍ കണ്ടെത്തി. കണ്ണൂര്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന് വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. രാത്രി ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ ആറു മണിയോടെ കാണാതാകുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടിയും പിതാവും മുറിയിലെ കട്ടിലിലും കുട്ടിയുടെ അമ്മ ഇതേ മുറിയില്‍ നിലത്തും കിടന്നാണ് ഉറങ്ങിയത്. അടച്ചു പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കാണാതായിരിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും അമ്മയുടെ അമ്മയും അമ്മയുടെ ആങ്ങളയും ഉള്‍പ്പെടുന്ന നാലുപേരാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്.
പുലര്‍ച്ചെ മൂന്ന് മണിക്ക് കുട്ടി ഉണര്‍ന്നിരുന്നു. പിന്നീട് കുഞ്ഞിനെ അച്ഛനൊപ്പം ഉറക്കിക്കിടത്തിയ ശേഷമാണ് അമ്മ ഉറങ്ങിയത്. തെരച്ചിലില്‍ കടല്‍ത്തീരത്ത് കടലില്‍ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്ന് 11 മണിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മലര്‍ന്നു കിടന്ന നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടത്.
കൂടാതെ കണ്ണിന്റെ ഭാഗത്ത് പൊട്ടല്‍ ഉണ്ട്. പ്രണവും ശരണ്യയും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും കുട്ടിയെ മാതാപിതാക്കള്‍ ശ്രദ്ധിക്കാറില്ലെന്നും അതിനാല്‍ കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. തുടര്‍ന്ന് സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Comments are closed.