വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് എതിരെ കേസ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് എതിരെ കേസെടുത്തു. ഗൗതം മണ്ഡല് എന്ന ഇതര സംസ്ഥാന തൊഴിലാളിയെയാണ് നടുറോഡില്‍ വച്ച് ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചത്. ഇയാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. ഓട്ടോ ഡ്രൈവറായ സുരേഷ്, ഗൗതമിനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഓട്ടോ ഡ്രൈവറായ സുരേഷിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി 7.30 ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗൗതം മണ്ഡലിനെ ഓട്ടോ റിക്ഷ ഡ്രൈവര്‍ സുരേഷ് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഒരു പ്രകോപനവുമില്ലാതെയാണ് ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മര്‍ദ്ദിച്ച ശേഷം ഗൗതം മണ്ഡലിന്റെ ആധാര്‍ കാര്‍ഡ് സുരേഷ് പിടിച്ചുവാങ്ങി.
മറ്റ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഇടപെട്ടാണ് തിരിച്ചറിയില്‍ കാര്‍ഡ് ഗൗതം മണ്ഡലിന് തിരികെ നല്‍കിയത്. മര്‍ദ്ദനമേറ്റ ഗൗതം ആശുപത്രിയില്‍ ചികിത്സ തേടുകയോ പൊലീസിനെ ബന്ധപ്പെടുകയോ ചെയ്തില്ല. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. എന്നാല്‍ സുരേഷിനെ പൊലീസ് തിരയുന്നുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് അറിവ്.
Comments are closed.