അഹമ്മദാബാദില്‍ അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
അഹമ്മദാബാദ്: അഹമ്മദാബാദില്‍ അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടിക്കായി കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 17000 ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി, അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷാവിഭാഗമായ സീക്രട്ട് സര്‍വീസ്, എന്നിവയ്ക്ക് ഒപ്പം ആയുധധാരികളായ ഇന്ത്യന്‍ സൈനികരും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
അതേസമയം സീക്രട്ട് സര്‍വീസസിന്റെ അത്യാധുനിക സുരക്ഷാ വാഹനങ്ങള്‍ വാഷിങ്ങ്ടണില്‍നിന്ന് കഴിഞ്ഞദിവസം അഹമ്മദാബാദില്‍ എത്തിച്ചിരുന്നു. മോദിയും ട്രംപും ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വേദിക്കരികില്‍ സീക്രട്ട് സര്‍വീസസും എസ്പിജിയും. സ്റ്റേഡിയത്തിന്റെ പുറത്തുള്ള തുണുകളോട് ചേര്‍ന്ന് സിആര്‍പിഎഫിന്റെ സായുധ സൈനികര്‍ കാവലുണ്ട്. എന്നാല്‍ സ്റ്റേഡിയത്തിന് പുറത്ത് ഗുജറാത്ത് പൊലീസിനാണ് സുരക്ഷാച്ചുമതല.
സുരക്ഷാസേനയുടേതല്ലാത്ത ഡ്രോണുകള്‍ വെടിവച്ചിടാന്‍ അന്റി ഡ്രോണ്‍ സംഘമുണ്ടാവും. നമസ്തേ ട്രംപ് മെഗാ ഷോ തുടങ്ങുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പ് കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും. വിവിഐപികള്‍ ഒരുമണിക്കൂര്‍ മുമ്പ് പ്രവേശിക്കണം. ട്രംപ് ദില്ലിയിലേക്ക് തിരിച്ച ശേഷം മാത്രമാകും അഹമ്മദാബാദ് വിമാനത്താവളത്തിന്റെ രാജ്യാന്തര ടെര്‍മിനല്‍ സാധാരണ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുകയുള്ളു.
Comments are closed.