അവിനാശി ദുരന്തം : ഗിരീഷിന്റെ കുടുംബത്തിന് ആശ്വാസം പകര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്
കൊച്ചി: അവിനാശിയില്‍ ബസില്‍ കണ്ടെയ്നര്‍ ട്രക്കിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ഗിരീഷിന്റെ കുടുംബത്തിന് ആശ്വാസം പകര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. തുടര്‍ന്ന് പെരുമ്പാവൂര്‍ വളയന്ചിറങ്ങരയലുള്ള വീട്ടിലെത്തിയ മുരളീധരന് ഗിരീഷിന്റെ അമ്മയേയും ഭാര്യയേയും മകളെയും ആശ്വസിപ്പിച്ചു.
പ്രിയപ്പെട്ടവര്‍ അപ്രതീക്ഷിതമായി വിടപറയുമ്പോഴുള്ള സൂന്യത ഇവര്‍ക്ക് മുന്നിലുണ്ട്. നിരാലംബരായ ഗിരീഷിന്റെ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിന് സഹായമാകാന്‍ നമ്മുക്ക് കഴിയണം. ഈ കുടുംബത്തെ ചേര്‍ത്ത് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
”അവിനാശി ബസ് അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഗിരീഷിന്റെ പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയിലെ വീട്ടില്‍ പോയി. അമ്മയേയും ഭാര്യയേയും മകളേയും കണ്ടു. ആശ്വാസ വാക്കുകള്‍ അവരുടെ കണ്ണീരൊപ്പില്ലെന്നറിയാം. ആ കുടുംബത്തിന്റെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും വെളിച്ചമാണ് അര്‍ധരാത്രി അവനാശിയിലെ റോഡുവക്കില്‍ പൊലിഞ്ഞു പോയത്. പ്രിയപ്പെട്ടവര്‍ അപ്രതീക്ഷിതമായി വിടപറയുമ്പോഴുണ്ടാകുന്ന ശൂന്യത അനുഭവിച്ചിട്ടുള്ളവര്‍ക്ക് പെട്ടെന്ന് മനസിലാകും. ആ ഇരുട്ട് ഇവര്‍ക്കു മുന്നിലുമുണ്ട്.
നിരാലംബരായ ഗിരീഷിന്റെ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിന് തരിമ്പു വെളിച്ചത്തിന്റെ ചെറുതിരി നാളമെങ്കിലും ആകാന്‍ നമുക്കെല്ലാവര്‍ക്കും കഴിയണം. ഈ കുടുംബത്തെ നമുക്ക് ചേര്‍ത്തു പിടിക്കണം. ഒരു ഡ്രൈവറെന്ന നിലയില്‍ എത്രത്തോളം സാമൂഹ്യ പ്രതിബദ്ധതാടെയാണ് ഗിരീഷ് പ്രവര്‍ത്തിച്ചിരുന്നതെന്ന് എല്ലാവര്ക്കും അറിയാം. ഗിരീഷിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയറിഞ്ഞ് എത്രയോ യാത്രക്കാരാണ് ഈ മനുഷ്യനെ ഓര്‍ത്തെടുത്ത് വിതുമ്പിയത്. ഗിരീഷിന്റെ കുടുംബത്തെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടേയും തുരുത്തിലേക്ക് നമുക്ക് എത്തിക്കണം.
പെരുവഴിയില്‍ പൊലിഞ്ഞു പോയ ഗിരീഷിന്റെ കുടുംബത്തെ ദുഃഖത്തിന്റെ നടുക്കടലില്‍ കൈവിടരുത്. ഗിരീഷിന്റെ കുടുംബത്തിന് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ അടക്കമുള്ളവ കെഎസ്ആര്‍ടിസിയും സംസ്ഥാന സര്‍ക്കാരും ഉടന്‍ ലഭ്യമാക്കണം. നഷ്ടപ്പെട്ട ജീവന് പകരമായി ഒന്നുമില്ലെന്നറിയാം. അകാലത്തില്‍ പൊലിഞ്ഞ ഗിരീഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഗിരീഷിന്റെ കുടുംബത്തിന്റെ വേദനയും കണ്ണീരും ഉള്ളു പൊള്ളിക്കുന്നു. പ്രണാമം??”
Comments are closed.