തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡ് വിഭജനത്തിന്റെ ആദ്യപടി പൂര്‍ത്തിയാകുമ്പോള്‍ 941 ഗ്രാമ പഞ്ചായത്തുകളിലായി 1376 വാര്‍ഡുകള്‍ കൂടി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡ് വിഭജനത്തിന്റെ ആദ്യപടി പൂര്‍ത്തിയാകുമ്പോള്‍ 941 ഗ്രാമ പഞ്ചായത്തുകളിലായി 1376 വാര്‍ഡുകള്‍ കൂടി. തുടര്‍ന്ന് നിലവിലുള്ള 15,962 വാര്‍ഡുകളുള്ളത് 17,338 ആയാണു വര്‍ധിക്കുക. ഓരോ ഗ്രാമപഞ്ചായത്തിലും മൂന്നു വാര്‍ഡുകള്‍ വരെ കൂടിയിരിക്കുകയാണ്. അതേസമയം 2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുതല വിഭജനം പൂര്‍ത്തിയായപ്പോള്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ 187 ഡിവിഷനുകളും ജില്ലാ പഞ്ചായത്തുകളില്‍ 15 ഡിവിഷനുകളും കൂടും.
നിലവില്‍ 2080 ബ്ലോക്ക് ഡിവിഷനുകള്‍ ഉള്ളത് 2267 ആകും. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 331-ല്‍നിന്ന് 346 ആകുന്നതാണ്. തുടര്‍ന്ന് വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ചതു സംബന്ധിച്ച പഞ്ചായത്ത് വകുപ്പിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ വാര്‍ഡ്/ഡിവിഷന് ഏറ്റവും കുറഞ്ഞ എണ്ണം 14 ആണ്. പരമാവധി 24. ജില്ലാ പഞ്ചായത്തില്‍ 17 മുതല്‍ 33 സീറ്റുകള്‍ വരെയുണ്ട്. കോഴിക്കോട് ജില്ലയിലെ വളയം ഒഴികെയുള്ള ഗ്രാമ പഞ്ചായത്തുകളിലെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെയും സംവരണ വാര്‍ഡുകളുടെ എണ്ണവും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പുതുക്കി നിശ്ചയിച്ചു.
ജനറല്‍, വനിത, പട്ടികജാതി, പട്ടികവര്‍ഗം, പട്ടികജാതി വനിത, പട്ടികവര്‍ഗ വനിത എന്നിങ്ങനെയാണു സംവരണ വാര്‍ഡുകള്‍. ആറു കോര്‍പ്പറേഷനുകള്‍, മട്ടന്നൂര്‍ ഒഴികെ 86 നഗരസഭകള്‍ എന്നിവയിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പ്രഖ്യാപിക്കും. അതിനുശേഷം പുതിയ വാര്‍ഡുകളുടെ അതിര്‍ത്തി നിര്‍ണയിച്ച് സംസ്ഥാന തെരഞ്ഞടുപ്പു കമ്മിഷന് കരടു വിജ്ഞാപനം പ്രസിദ്ധീകരിക്കും.
കമ്മിഷനു വേണ്ടി അതത് തദ്ദേശസ്ഥാപന സെക്രട്ടറിയാകും ഇതു തയാറാക്കുക. പിന്നീട് വാര്‍ഡ് വിഭജനം സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അധ്യക്ഷനായ ഡീലിമിറ്റേഷന്‍ കമ്മിഷന് പരിശോധിക്കും. തുടര്‍ന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണ്.
Comments are closed.