പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് അസ്സമിലെ സില്‍ചറില്‍ കോളജ് അധ്യാപകന് അറസ്റ്റില്‍
ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരേയും ബി.ജെ.പി, ആര്.എസ്സ്.എസ്സ് സംഘടനകള്‍ക്കെതിരേയും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് കോളജ് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അസ്സമിലെ സില്‍ചറില്‍ കോളജ് അധ്യാപകനെ അറസ്റ്റ് ചെയ്തു. ഹൈന്ദവര്ക്കെതിരായുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അസ്സമിലെ ഗുരുചരണ്‍ കോളജിലെ താല്‍ക്കാലിക അധ്യാപകനായ സൗര്‍ദീപ് സെന്‍ഗുപ്തയാണ് അറസ്റ്റിലായത്.
തുടര്‍ന്ന് അധ്യാപകനെ നാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ 2002ലെ ഗുജറാത്ത് കലാപം തലസ്ഥാനത്ത് പുനരാവിഷ്കരിക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തിലുള്ള പരാമര്‍ശമാണ് ഇദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല, ഏതെങ്കിലുമൊരു മതത്തെ മുറിപ്പെടുത്താനും ആയിരുന്നില്ല ഏതെങ്കിലുമൊരു മതത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്ന് പിന്നീട് ഇയാള്‍ പോസ്റ്റ് പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
അതേസമയം 40ഓളം വിദ്യാര്‍ത്ഥികള്‍ സെന്‍ഗുപ്തയുടെ വീട്ടില്‍ എത്തുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസിന്റെ സഹായം തേടാനെത്തിയ സെന്‍ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
Comments are closed.