ഡൽഹി കലാപം: വിമർശിച്ച് സുപ്രീംകോടതി
കലാപവുമായി ബന്ധപ്പെട്ട് കേസ് പരിഗണിച്ച ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഡിഎൻ പട്ടേലും ജസ്റ്റിസ് ഹരി എൻ ശങ്കറുമടങ്ങിയ ബെഞ്ച് ഏപ്രിൽ 13 വരെ കേസ് നീട്ടിവെക്കുകയായിരുന്നു. നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ കോടതി ഒരു മാസത്തെ സമയവും കേന്ദ്രസര്‍ക്കാരിന് അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. ഇത്രയും നീണ്ട കാലയളവിലേയ്ക്ക് കേസ് നീട്ടിവെക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതുപോലുള്ള വിഷയങ്ങളിൽ കേസുകള്‍ വൈകിപ്പിക്കാൻ പാടില്ലെന്നും ജസ്റ്റിസ് എസ് എ ബോബ്ഡേ പറഞ്ഞു.
അതേസമയം, കാരണമുള്ളതുകൊണ്ടാണ് ഡൽഹി ഹൈക്കോടതി കേസ് ഒരു മാസത്തേയ്ക്ക് മാറ്റി വെച്ചതെന്നും വെള്ളിയാഴ്ച കേസ് പരിഗണിക്കണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ വ്യക്തികളുടെ പ്രസംഗങ്ങളാണ് കലാപത്തിന് കാരണമായതെന്ന് പറയാനാകില്ലെന്നും സോളിസിറ്റര്‍ ജനറൽ പറഞ്ഞു. തിങ്കളാഴ്ച കേസിൽ ചില സബ്മിഷനുകള്‍ സമര്‍പ്പിക്കാനുണ്ടെന്നും സോളിസിറ്റര്‍ ജനറൽ വ്യക്തമാക്കി. എന്നാൽ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
ഹര്‍ജിക്കാര്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിക്കുന്നതെന്ന് തുഷാര്‍ മേത്ത ആരോപിച്ചെങ്കിലും കോടതി ഈ വാദവും തള്ളി. ഇത്രയധികം ദിവസം കേസ് നീട്ടി വെച്ചതുകൊണ്ട് ഹര്‍ജിക്കാര്‍ ചെയ്യുന്നത് ന്യായമാണെന്ന് കോടതി നിരീക്ഷിച്ചു.
കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗങ്ങളിൽ കേസ് രജിസ്റ്റര്‍ ചെയ്യാൻ കഴിയുന്ന സാഹചര്യമല്ലായിരുന്നുവെന്നായിരുന്നു മൂന്നു ദിവസം മുൻപ് സോളിസിറ്റര്‍ ജനറൽ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സാഹചര്യമുണ്ടായിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവര്ക്കെതരെ കേസെടുക്കുന്നതു സംബന്ധിച്ചായിരുന്നു കേന്ദ്രസര്‍ക്കാരിനോട് കോടതിയുടെ ചോദ്യം. എന്നാൽ പരാതിക്കാരുടെ പ്രശ്നം ചില പ്രത്യേക വ്യക്തികള്‍ക്കെതിരെ കേസെടുക്കാത്തതാണെന്ന് സോളിസിറ്റര്‍ ജനറൽ മറുപടി നല്കി. കലാപവുമായി ബന്ധപ്പെട്ട് 468 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസിലെ ഹര്‍ജിക്കാരനായ ഹര്‍ഷ് മന്ദേറും ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രസംഗം നടത്തിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറൽ കോടതിയെ അറിയിച്ചു. വിഷയത്തിൽ പ്രത്യേക സത്യവാങ്മൂലം നല്‍കുമെന്ന് സോളിസിറ്റര്‍ ജനറൽ അറിയിച്ചു. ഈ കേസും മാര്‍ച്ച് ആറിന് പരിഗണിക്കും. സമാധാനം പുനസ്ഥാപിക്കാനായി ചര്‍ച്ച നടത്താൻ ഇരുവിഭാഗവും തയ്യാറാണോ എന്ന് കോടതി വാദം കേള്‍ക്കുന്നതിനിടെ ചോദിച്ചു. വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കാൻ സുപ്രീം കോടതി ഹൈക്കോടതിയെ ചുമതലപ്പെടുത്തി.
Comments are closed.