കൊവിഡ് 19 വൈറസ് : ലോകത്ത് ഇതുവരെ 92,615 പേര്‍ക്ക് വൈറസ് ബാധയേറ്റു ; 80,151 പേരും ചൈനയില്‍

ബെയ്ജിംഗ്: ലോകത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റവരുടെ എണ്ണം ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 92,615 പേര്‍ക്കാണ് കണ്ടെത്തിയത്. ഇതില്‍ 80,151 പേരും ചൈനയിലാണ്. അമേരിക്കയില്‍ വൈറസ് ബാധയേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. 2,943 പേരാണ് ചൈനയില്‍ മാത്രം ഇതുവരെ മരിച്ചത്. ഇറ്റലിയില്‍ 79ഉം ഇറാനില്‍ 77ഉം വൈറസ് ബാധിതര്‍ മരിച്ചു.

ഇതിനിടെ ജയിലില്‍ രോഗം പരടുന്നത് തടയുന്നതിന്റെ ഭാഗമായി ഇറാനില്‍ അരലക്ഷത്തില്‍ അധികം തടവുകാരെ പരോള്‍ നല്‍കി പുറത്തിറക്കി. അതേസമയം, ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. അതേസമയം 2500 പേരെ പാര്‍പ്പിക്കാവുന്ന മുന്‍ കരുതല്‍ കേന്ദ്രങ്ങള്‍ അടിയന്തരമായി തുറക്കാന്‍ സേന വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര, നാവിക, വ്യോമ സേനകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ നാവികസേനയുടെ മിലാന്‍ നാവിക പ്രദര്‍ശനം ഉപേക്ഷിച്ചു. മാര്‍ച്ച് 18 മുതല്‍ വിശാഖപട്ടണത്ത് നടത്താന്‍ ഉദ്ദേശിച്ച പ്രദര്‍ശനമാണ് ഉപേക്ഷിച്ചത്. പ്രദര്‍ശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ ആലോചിക്കുന്നുണ്ട്. അതേസമയം കൊവിഡ് 19 വൈറസ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വൈറസ് ബാധയെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തിരുന്നു.

Comments are closed.