ഡല്‍ഹി കലാപം : മരിച്ചവരില്‍ 85കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ദില്ലി: ദില്ലി കലാപത്തെത്തുടര്‍ന്ന് മരിച്ചവരില്‍ 85കാരിയായ അക്ബരിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. വടക്ക് കിഴക്കന്‍ ദില്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നെങ്കിലും ഖജൂരി ഘാസ് ശാന്തമായിരുന്നു. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി മുഹമ്മദ് സല്മാന് തിരികെയെത്തിയപ്പോഴേക്കും നാല് നിലയുള്ള വീട് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. പടര്‍ന്ന് പിടിച്ച തീ ജീവനെടുക്കാനെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ അക്ബരിയക്ക് കഴിഞ്ഞില്ല.
വാര്‍ധക്യത്തിന്റെ അവശതയില്‍ ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ വാതില്‍പ്പടി വരെ എത്താനെ കഴിഞ്ഞിരുന്നുള്ളു. തീയണച്ച് ഓടിയെത്തിയ മകന് മുഹമ്മദ് സയീദ് സല്മാന് കണ്ടത് അമ്മയുടെ കത്തിക്കരിഞ്ഞ ശരീരമായിരുന്നു. എന്നാല്‍ സല്‍മാന്റെ ഭാര്യയും മക്കളും തലനാരിഴക്ക് രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ സല്‍മാനും കുടുംബവും മുപ്പത് വര്‍ഷമായി ദില്ലിയിലാണ് സ്ഥിരതാമസം. അമ്മയ്ക്കും ദില്ലി ഏറെ ഇഷ്ടമായിരുന്നു. കലാപകാരികള്‍ അഗ്നിക്കിരയാക്കിയ വീട് പൂര്‍ണ്ണമായും നശിച്ചു.
Comments are closed.