ഇന്ത്യ ഉള്‍പ്പെടെ 7 രാജ്യങ്ങളുമായുള്ള വിമാന സര്‍വീസ് കുവൈത്ത് ഒരാഴ്ചത്തേക്കു നിര്‍ത്തിവെച്ചു
ദുബായ് : ഇന്ത്യ ഉള്‍പ്പെടെ ബംഗ്ലദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, സിറിയ, ലബനന്, ഈജിപ്ത് എന്നിങ്ങനെ 7 രാജ്യങ്ങളുമായുള്ള വിമാന സര്‍വീസ് കുവൈത്ത് ഒരാഴ്ചത്തേക്കു നിര്‍ത്തിവെച്ചു. അതേസമയം ഉത്തരവ് വ്യാഴം അര്‍ധരാത്രിയാണു പുറത്തുവന്നത്. ഇന്ത്യയില്‍ നിന്നുള്ളത് ഉള്‍പ്പെടെ പല വിമാനങ്ങളും അപ്പോള്‍ പാതിവഴിയിലായിരുന്നു. ഇവയിലെ യാത്രക്കാരെ ഏറെ നേരത്തിനു ശേഷം രാജ്യത്തു പ്രവേശിക്കാന്‍ അനുവദിച്ചു. ഇന്നലെ രാവിലെ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തലാക്കി.
വിമാനത്താവളത്തില്‍ യാത്രയ്ക്കു തയാറെടുത്തുവന്ന നൂറുകണക്കിന് ആളുകള്‍ വീടുകളിലേക്കു മടങ്ങുകയായിരുന്നു. കുവൈത്തിലെ താമസാനുമതി രേഖ (ഇഖാമ) ഉള്ളവര്‍ക്കും ഇളവില്ല. കുവൈത്തില്‍ നിന്നു കണക്ഷന് വിമാനങ്ങള്‍ വഴി ഇന്ത്യയില്‍ എത്താന്‍ തടസ്സമില്ല. എന്നാല്‍ കണക്ഷന് വിമാനങ്ങള്‍ വഴി കുവൈത്തില്‍ എത്താന്‍ സാധിക്കില്ല.
കൂടാതെ ഇന്ത്യ ഉള്‍പ്പെടെ കോവിഡ് ബാധിത രാജ്യങ്ങളില്‍നിന്നു സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സൗദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന്, യാത്രയുടെ 24 മണിക്കൂര്‍ മുന്‍പ് എടുത്ത സര്‍ട്ടിഫിക്കറ്റ് ആയിരിക്കണം. പുതിയ വീസയില്‍ എത്തുന്നവര്‍ക്കും സൗദിയില്‍നിന്നു നാട്ടിലെത്തി 14 ദിവസത്തിനുശേഷം തിരിച്ചെത്തുന്നവര്‍ക്കും ബാധകമാണ്.
Comments are closed.