രാജ്യസഭാ തെരഞ്ഞെടുപ്പ് : ശരദ് പവാറിന്റെ സമ്പാദ്യത്തില്‍ ആറുവര്‍ഷത്തിനിടെ 60 ലക്ഷം രൂപ വര്‍ധിച്ചു

മുംബൈ: മാര്‍ച്ച് 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കായി ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ സമ്പാദ്യത്തില്‍ ആറുവര്‍ഷത്തിനിടെ 60 ലക്ഷം രൂപ വര്‍ധിച്ചതായി സത്യവാങ്മൂലം നടത്തി.

32.73 കോടി രൂപയുടെ ആസ്തിയാണ് ശരദ് പവാറിനുള്ളതായും തുടര്‍ന്ന് അനന്തരവനായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന്റെയും ബന്ധു പാര്‍ത്ഥ് പവാറിന്റെയും ഷെയറുകള്‍ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയുടെ ബാധ്യതയുള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം 2014ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ശരദ് പവാറിന് 20,47,99,970.41 രൂപയുടെ ജംഗമ സ്വത്തുക്കളും11,65,16,290 രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ടെന്നായിരുന്നു അന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 25,21,33,329 രൂപയുടെ ജംഗമ സ്വത്തുക്കളും 7,52,33,941 രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണുള്ളത്.

ഷെയറുകള്‍ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ഭാര്യ പ്രതിഭ പവാര്‍ 50 ലക്ഷം രൂപ അജിത് പവാറിന്റെയും സുനേത്ര പവാറിന്റെയും കയ്യില്‍ നിന്നും അഡ്വാന്‍സായി കൈപ്പറ്റിയെന്നും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

Comments are closed.