ട്രെയിനിനു മുന്നില്‍ ചാടിയ യുവാവിന്റെ മൃതദേഹവുമായി പാസഞ്ചര്‍ ട്രെയിന്‍ ഓടിയതു നാലു കിലോമീറ്റര്‍
കോട്ടയം: ചിങ്ങവനം സ്റ്റേഷനില്‍ ട്രെയിനിനു മുന്നില്‍ ചാടിയ യുവാവിന്റെ മൃതദേഹവുമായി പാസഞ്ചര്‍ ട്രെയിന്‍ ഓടിയതു നാലു കിലോമീറ്ററിലേറെയായിരുന്നു. എന്‍ജിനു മുന്നിലെ കമ്പിയില്‍ കോര്‍ത്തുകിടന്ന മൃതദേഹം തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനില്‍ എത്തിയശേഷമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ആറരയോടെ കുറിച്ചി മലകുന്നം ജീരകക്കുന്ന് ചേരുകളം ജോസിന്റെ മകന് ലിജോ(29)യാണ് മരിച്ചത്. കുറിച്ചി ഭാഗത്തുനിന്നും ഇയാള്‍ ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
എന്നാല്‍ എന്‍ജിനു മുന്നില്‍ മൃതദേഹം കുടുങ്ങിക്കിടന്നത് ലോക്കോ പൈലറ്റുമാര്‍ അറിഞ്ഞിരുന്നില്ല. ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ ജീവനക്കാരാണ് ഇതു കണ്ടത്. തുടര്‍ന്ന് ലോക്കോപൈലറ്റിനെ വിവരം അറിയിച്ച് ട്രെയിന്‍ പിടിച്ചിട്ടിരുന്നു. തുടര്‍ന്നു ചിങ്ങവനം സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം റെയില്‍വേ സ്റ്റേഷനില്‍ എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
അതേസമയം രാവിലെ മുതല്‍ ലിജോയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മൃതദേഹത്തിന് ലിജോയുമായി സാമ്യമുള്ളതായി സംശയിക്കുകയും തുടര്‍ന്ന്, ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
Comments are closed.