പക്ഷിപ്പനി : കോഴിക്കോട് ചത്തകോഴികളെ തൂവലോടെ ഫ്രീസറില്‍ സൂക്ഷിച്ചത് പിടികൂടി
കോഴിക്കോട്: പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ഒളിപ്പിച്ച് വച്ച വളര്‍ത്തുപക്ഷികളെ കണ്ടെത്തുന്നതിനായി ഇന്ന് നടത്തിയ പരിശോധനയില്‍ കോഴിക്കോട് വേങ്ങേരിക്ക് സമീപം തടമ്പാട്ട്താഴത്തെ ഒരു ചിക്കന്‍ ഷോപ്പില്‍ നിന്ന് തൂവലുകളോടെ ഫ്രീസറില്‍ സൂക്ഷിച്ച ചത്ത കോഴികളെ പിടികൂടി. മൃഗസംരക്ഷണ വകുപ്പിന്റെ റാപിഡ് റെസ്പോണ്‍സ് ടീമാണ് പരിശോധന നടത്തിയത്.
ഫ്രീസറിന് പുറത്ത് ദുര്‍ഗന്ധം വമിക്കുന്ന നിലയിലും ചത്ത കോഴികളുണ്ടായിരുന്നു. മുന്നൂറിലധികം കോഴികളെയാണ് പൂട്ടിയിട്ടിരിക്കുന്ന ചിക്കന്‍ഷോപ്പില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും കടയുടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം ഒളിപ്പിച്ച് വച്ച വളര്‍ത്തുപക്ഷികളെ കണ്ടെത്താനായി വേങ്ങേരിയിലെ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കോമ്പിംഗ് ഓപ്പറേഷനിലായിരുന്നു മൃഗസംരക്ഷണ വകുപ്പ്. എന്നാല്‍ ഒരു കിലോമീറ്റര്‍ ദൂരപരിധിക്ക് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളിലെ കോഴികളേയും ഇന്ന് പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
Comments are closed.