തിരുവനന്തപുരത്ത് വീണ്ടും രണ്ടുപേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും രണ്ടുപേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 22ആയി. ഇതില്‍ മൂന്നുപേര്‍ രോഗമുക്തമായി ആശുപത്രി വിട്ടിരുന്നു. വര്‍ക്കലയില്‍ റിസോര്‍ട്ടില്‍ താമസിച്ച ഇറ്റാലിയന്‍ പൗരനും ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ തലസ്ഥാന വാസിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
അതേസമയം ഇറ്റാലിയന്‍ യുവാവ് വര്‍ക്കലയില്‍ എത്തിയ ദിവസം മുതല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം റിസോര്‍ട്ടില്‍ നിരീക്ഷണത്തിലായിരുന്നു. 14 ദിവസം പൂര്‍ത്തിയാകുന്നതിനിടെയാണ് ഫലം പോസിറ്റീവായത്. ബ്രിട്ടനില്‍ നിന്നെത്തിയ ആളും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ വ്യാഴാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പരിശോധനയില്‍ കൊറോണ പോസിറ്റീവായ വെള്ളനാട് സ്വദേശിക്ക് കൊറോണയാണെന്ന് ആലപ്പുഴ വൈറോളജി ലാബും സ്ഥിരീകരിച്ചു.
ഇതോടെ തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം മൂന്നായി. ഇവരെല്ലാം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്. തുടര്‍ന്ന് വരും ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു. ഇന്നലെ വൈകിട്ട് നടന്ന അവലോകനയോഗത്തില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്കി.
Comments are closed.