ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

ദില്ലി: കൊവിഡ് 19 നെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച നേരിടുന്നു. യുഎസ് ഫെഡ് റിസര്‍വ് പൂജ്യം ശതമാനമായി കുറച്ചതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ന് സെന്‍സെക്‌സ് 1763 പോയിന്റ് നഷ്ടത്തില്‍ 32391 ലും നിഫ്റ്റി 485 പോയിന്റ് ഇടിഞ്ഞ് 9475 ലുമാണ് വ്യാപാരം ആരംഭിച്ചത്. പലിശ നിരക്ക് കുറച്ചതിന് പുറമെ, സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ 700 ബില്യണ്‍ ഡോളറിന്റെ പാക്കേജും അമേരിക്ക പ്രഖ്യാപിച്ചു.

തുടര്‍ന്ന് നിക്ഷേപകരില്‍ നല്ലൊരു ശതമാനം അമേരിക്കന്‍ വിപണിയിലേക്ക് മാറി. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ 190 ഓഹരികള്‍ നേട്ടത്തിലും 730 ഓഹരികള്‍ നഷ്ടത്തിലുമാണ്. 62 ഓഹരികള്‍ക്ക് മാറ്റമില്ല. അതേസമയം ഇന്ന് ബ്രെന്റ് ക്രൂഡ് വിലയില്‍ 1.83 ഡോളര്‍ ഇടിഞ്ഞ് 32.02 ഡോളറിലേക്കെത്തി. യുഎസ് ഓഹരി സൂചികയായ ഡൗ ജോണ്‍സ് 1,985 പോയിന്റ് താഴ്ന്ന് അതായത് 9.36 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Comments are closed.