ഇറ്റലിയില്‍ നിന്നു വാഗമണ്ണിലെത്തിയ സഞ്ചാരിക്ക് സെമിത്തേരിയില്‍ കിടന്ന് ഉറങ്ങേണ്ടിവന്നത് ഒരു മരണവാര്‍ത്ത പോലെ വേദനിപ്പിച്ചു : മോഹന്‍ലാല്‍

ഇറ്റലിയില്‍ നിന്നു വാഗമണ്ണിലെത്തിയ സഞ്ചാരിക്ക് സെമിത്തേരിയില്‍ കിടന്ന് ഉറങ്ങേണ്ടിവന്നത് ഒരു മരണവാര്‍ത്ത പോലെ വേദനിപ്പിച്ചുവെന്ന് മോഹന്‍ലാല്‍ പറയുന്നു. കൂടാതെ സ്വയം ക്വാറന്റൈനില്‍ പോയ ആളെ പൂട്ടിയിട്ടതിനെയും മോഹന്‍ലാല്‍ വിമര്‍ശിച്ചിരുന്നു.

‘ഇറ്റലിയില്‍ നിന്നു വാഗമണ്ണിലെത്തിയ സഞ്ചാരിക്ക് ഹോട്ടലുകള്‍ മുറി കൊടുക്കാതെ വന്നപ്പോള്‍ സെമിത്തേരിയില്‍ കിടന്ന് ഉറങ്ങേണ്ടിവന്നു എന്ന വാര്‍ത്ത കണ്ടു. ഒരു മരണവാര്‍ത്ത പോലെ എന്നെ വേദനിപ്പിച്ചു അത്. തിരുവനന്തപുരത്തു മുറി ബുക്ക് ചെയ്‌തെത്തിയ അര്‍ജന്റീനക്കാരിയെ രാത്രി റോഡിലിറക്കിവിട്ടു എന്ന വാര്‍ത്തകൂടി വായിച്ചു തീരുമ്പോള്‍ വേദന ഇരട്ടിയാകുന്നു. ഇവരാരും രോഗവും കൊണ്ടു വരുന്നവരല്ല. അവരുടെ സമ്പാദ്യത്തില്‍ നിന്നൊരു ഭാഗം കൂട്ടിവച്ച് ഈ നാടു കാണാന്‍ വരുന്നവരാകും. അവരോടു നമ്മള്‍ പലതവണ പറഞ്ഞിരുന്നു, ഇതു ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. അവരതു വിശ്വസിച്ചു വന്നതാണ്. രോഗമുള്ളവരെ കണ്ടെത്താന്‍ നമുക്കൊരു സംവിധാനമുണ്ട്. അല്ലാതെ, അതിഥികളെ തെരുവിലിറക്കി വിടുന്നതു നമ്മുടെ സംസ്‌കാരമല്ല. ഭാഷ പോലും അറിയാത്ത രാജ്യത്ത് നമ്മുക്ക് വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാല്‍ നമുക്കു താങ്ങാനാകുമോ?’ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.

കൂടാതെ സ്വയം ക്വാറന്റൈനില്‍ പോയ ആളെ പൂട്ടിയിട്ടതിനെയും മോഹന്‍ലാല്‍ വിമര്‍ശിക്കുകയായിരുന്നു. ‘ഈ പൂട്ടിയിട്ടവര്‍ക്ക് എവിടെ നിന്നെങ്കിലും വൈറസ് ബാധ ഉണ്ടാകില്ല എന്നുറപ്പുണ്ടോ? സമ്പത്തിന്റെ പ്രതിരോധങ്ങളെല്ലാം മറികടന്നു വൈറസ് വരുന്നതു ലോകം കാണുന്നു. അതുകൊണ്ടു തന്നെ, പ്രളയകാലത്തെന്നപോലെ നാം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. അടച്ച മുറിയില്‍ കഴിയുന്ന എല്ലാവരും രോഗികളല്ല. അവര്‍ ഈ നാടിനുവേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്. ഇവരെയെല്ലാം പരിചരിക്കുന്ന വലിയൊരു കൂട്ടായ്മയുണ്ട് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും പൊലീസുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരുമെല്ലാം ചേര്‍ന്ന വലിയൊരു സംഘം. ദേവാലയങ്ങള്‍ പോലും അടച്ചിരിക്കുന്നു. നാം കൂട്ടപ്രാര്‍ഥന നടത്തേണ്ടതു മനസ്സുകൊണ്ടാണ്. നമുക്കു വേണ്ടിയല്ല, ഈ നാടിന് വേണ്ടി’ എന്നും മോഹന്‍ലാല്‍ പറയുന്നു.

‘ദേഹം മുഴുവന്‍ നീലവസ്ത്രത്തില്‍ പൊതിഞ്ഞ് ആശുപത്രിവരാന്ത തുടച്ചു വൃത്തിയാക്കുന്നൊരു സ്ത്രീയുടെ കണ്ണുകള്‍ ഇന്നും എന്റെ മനസ്സിലുണ്ട്. ആ നീലവസ്ത്രത്തിനുള്ളിലുള്ളത് എന്റെ രക്ഷക തന്നെയാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ കൈക്കുഞ്ഞിനെപ്പോലെ എന്ന നോക്കുന്ന അമ്മ തന്നെ. നമുക്കവരെ തൊഴാം’ എന്നും അദ്ദേഹം പറയുകയാണ്.

Comments are closed.