മധ്യപ്രദേശില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രി കമല്‍നാഥ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് രാജിവച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ 22 കോണ്‍ഗ്രസ് എം. എല്‍. എമാര്‍ മാറിയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രി കമല്‍നാഥ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് രാജിവച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കെ വസതിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ലാല്‍ജി ടണ്ടന് രാജിക്കത്ത് കൈമാറി. ഇന്നലെ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് വിശ്വാസ വോട്ട് തേടണമെന്ന് സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.

വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജി. കമല്‍നാഥിനൊപ്പമായിരുന്ന സ്വതന്ത്രന്‍ പ്രദീപ് ജയ്സ്വാള്‍ ഇന്നലെ ബി. ജെ. പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് പിന്തുണനല്‍കിയിരുന്ന ബി. എസ്. പി, സമാജ്വാദി എം. എല്‍.എമാര്‍ സഭയില്‍ ഹാജരായില്ല. ബി. ജെ. പിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിച്ച 22 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ രാജിവച്ചതോടെ കഴിഞ്ഞയാഴ്ച വിശ്വാസ വോട്ടിന് ഗവര്‍ണര്‍ ഉത്തരവിട്ടെങ്കിലും കൊറോണയുടെ പേരില്‍ നിയമസഭ 26 വരെ സ്പീക്കര്‍ എന്‍. പി പ്രജാപതി മാറ്റി വച്ചു. തുടര്‍ന്ന് ഉടന്‍ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ശിവരാജ് സിംഗ് ചൗഹാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് ഇന്നലെ വിശ്വാസവോട്ടെടുപ്പിന് കോടതി വ്യാഴാഴ്ച ഉത്തരവിട്ടത്.

അതേസമയം വിമതരില്‍ ആറ് മന്ത്രിമാരുടെ രാജി സ്പീക്കര്‍ നേരത്തേ സ്വീകരിച്ചിരുന്നു. ഇന്നലെ രാത്രി വൈകിയാണ് ബംഗളുരുവില്‍ കഴിയുന്ന മറ്റ് 16 എം. എല്‍. എമാരുടെ രാജി അദ്ദേഹം സ്വീകരിച്ചത്. ഇതോടെ സഭയുടെ മൊത്തം അംഗബലം 206 ആയി കുറഞ്ഞു. വിശ്വാസ വോട്ട് നേടാന്‍ കമല്‍നാഥ് സര്‍ക്കാരിന് 104 പേരുടെ പിന്തുണ വേണം. അതേസമയം മൂന്ന് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ വീണ്ടും അധികാരത്തിലേറും. അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുക്കാന്‍ ബി. ജെ. പി നിയമസഭാ കക്ഷിയോഗം ചേരും.

Comments are closed.