തമിഴ്നാട്ടില്‍ മൂന്ന് വിദേശികള്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു ; ആകെ രോഗ ബാധിതരുടെ എണ്ണം ആറായി

ചെന്നൈ: തമിഴ്നാട്ടില്‍ മൂന്ന് വിദേശികള്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം ആറായി. ചെന്നൈയിലെത്തിയ രണ്ട് തായ്ലന്റ് സ്വദേശികള്‍ക്കും ഒരു ന്യൂസിലാന്റ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചെന്നൈയിലെ മറീന ബീച്ച് അടച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തി.

കൂടാതെ തിരുവാണ്‍മിയുര്‍ ഉള്‍പ്പടെ ചെന്നൈയിലെ മറ്റ് ബീച്ചുകളിലും സന്ദര്‍ശകര്‍ക്ക് വിലക്കാണ്. അതേസമയം കര്‍ണ്ണാടകത്തില്‍ മൂന്ന് പേര്‍ക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 18 ആയി. ഗുജറാത്തില്‍ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13 ആയി.

കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ദില്ലി സര്‍ക്കാരിന്റെ എല്ലാ വാര്‍ത്താ സമ്മേളനങ്ങളും ഡിജിറ്റല്‍ രൂപത്തിലാക്കി. അതേസമയം ദില്ലി എയിംസില്‍ ഒ പി വിഭാഗത്തില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാഹിത കേസുകള്‍ മാത്രമായി പരിഗണിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Comments are closed.