ഡല്‍ഹിയില്‍ കമ്മ്യൂണിറ്റി ക്ലിനിക്കിലെ ഡോക്ടറിന് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കമ്മ്യൂണിറ്റി ക്ലിനിക്കിലെ ഒരു ഡോക്ടറിന് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. മാര്‍ച്ച് 12നും 18നും ഇടയില്‍ ഈ ആശുപത്രിയില്‍ ചികിത്സ തേടിയവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും ടെസ്റ്റ് ചെയ്തതും ഫലം പോസിറ്റീവാണ്. എന്നാല്‍ ഏതെങ്കിലും തരത്തില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരോട് ഡോക്ടറെ കാണണമെന്നുള്ള നിര്‍ദ്ദേശവും നല്‍കി.

രോഗബാധ സ്ഥിരീകരിച്ച ഡോക്ടര്‍ വിദേശത്ത് പോയിരുന്നോ എന്നതോ ഏതെങ്കിലും രോഗിയില്‍ നിന്ന് പകര്‍ന്നതാണോ എന്നതും അറിയില്ല. അതേസമയം ഇന്നലെ ഡല്‍ഹിയില്‍ അഞ്ച് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു. ഇതില്‍ ഒരാള്‍ വിദേശിയാണ്. ഇപ്പോള്‍ ആകെ 35 രോഗികളാണ് ഡല്‍ഹിയിലുള്ളത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ വീടുകളില്‍ എത്തിച്ച ഡെലിവറി എക്സിക്യൂട്ടീവുകളെ പോലീസ് ആക്രമിച്ചതായും പരാതി ഉയര്‍ന്നു. ഇവര്‍ക്ക് പ്രത്യേക ഇ – പാസ് നല്‍കുമെന്ന് കെജ്രിവാള്‍ അറിയിച്ചു.

പച്ചക്കറി, പാല്‍ തുടങ്ങിയവ വില്‍ക്കുന്നവര്‍ക്ക് 1031 എന്ന നമ്പറില്‍ വിളിച്ചാല്‍ വാട്സാപ്പ് വഴി പുറത്തിറങ്ങാനുള്ള പാസ് ലഭിക്കുന്നതാണ്. അതേസമയം അടുത്തുള്ള കടകളില്‍ പച്ചക്കറിപോലെയുള്ള വസ്തുക്കള്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് പ്രത്യേക പാസ് ആവശ്യമില്ലെന്നും ഡോക്ടര്‍മാരോടും നഴ്സുമാരോടും മോശമായി പെരുമാറുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു. എന്നാല്‍ രാജ്യത്ത് 90 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗബാധിതരുടെ എണ്ണം 607 ആയതായാണ് റിപ്പോര്‍ട്ട്.

Comments are closed.