മഴക്കാലത്തേക്കായി പണം മിച്ചം വയ്ക്കാന്‍ സാധിക്കാത്തവരുടെ കൂടെയാണ് എന്റെ ഹൃദയം : പൂര്‍ണിമ ഇന്ദ്രജിത്ത്

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മഴക്കാലത്തേക്കായി പണം മിച്ചം വയ്ക്കാന്‍ സാധിക്കാത്തവരുടെ കൂടെയാണ് എന്റെ ഹൃദയമെന്നും നാളേയ്ക്കായി ഒന്നും മാറ്റിവയ്ക്കാതെ സഹജീവികളായ ഇവരെയും ഓരോരുത്തരും പരിഗണിക്കണമെന്നും പറയുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്.

അതിനാല്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതിയിലൂടെയാണ് നമ്മുടെ കടപ്പാട് പ്രകടമാക്കുന്നതെന്നും ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ അവരെ നമുക്ക് സഹായിക്കാമെന്നും പൂര്‍ണിമ പറയുന്നു.

പൂര്‍ണിമ ഇന്ദ്രജിത്തിന്റ ഫേസ്ബുക്ക് പോസ്റ്റ്,

ഈ മഹാമാരിയുടെ കാലത്ത്, മഴക്കാലത്തേക്കായി പണം മിച്ചം വയ്ക്കാന്‍ സാധിക്കാത്തവരുടെ കൂടെയാണ് എന്റെ ഹൃദയം, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ദിവസ വേതനക്കാരുടെ കൂടെയാണ്. തീര്‍ച്ചയായും ഇത് അനിശ്ചിതത്വത്തിന്റെ സമയമാണ്. വൈകാരിക തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന ചില സഹജീവികളെ നാം കണ്ടേക്കാം.

ചിലപ്പോള്‍ അവര്‍ ഉത്കണ്ഠയും നിരാശയും കോപവും ദു:ഖവും പ്രകടിപ്പിക്കുമായിരിക്കും. ഇത്തരം വികാരങ്ങള്‍ ഭയത്തില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന് മനസ്സിലാക്കുക. അവരുടെ നിലനില്‍പ്പിന്റെ അനിശ്ചിതത്വത്തെക്കുറിച്ചുള്ള ഭയം, ജീവിക്കാന്‍ കഴിയുന്നില്ലെന്ന ഭയം, അവരുടെ കുടുംബത്തിന്റെ ഏറ്റവും ചെറിയ ആവശ്യങ്ങള്‍ പോലും നിറവേറ്റാനാവില്ലെന്ന ഭയം.

ഇവരുടെ പോരാട്ടം യഥാര്‍ത്ഥമാണ്. പ്രബലരായി ജനിക്കാത്തവരുടെ പോരാട്ടം. അവരോട് നമുക്ക് ദയയും പരിഗണനയുംപുലര്‍ത്താം. ഇന്ന് നമ്മള്‍ ജീവിക്കുന്ന ജീവിതത്തോട് കടപ്പാട് പ്രകടിപ്പിക്കാന്‍ ഒരു നിമിഷമെടുക്കാം. നമ്മുടെ അനുഗ്രഹങ്ങളെ എണ്ണുക .. കാരണം നമ്മള്‍ ഭാഗ്യവാന്മാരാണ്, മറ്റുള്ളവരോട് പെരുമാറുന്ന രീതിയിലൂടെയാണ് നമ്മുടെ കടപ്പാട് പ്രകടമാക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ അവരെ നമുക്ക് സഹായിക്കാം.. ഇതാകട്ടെ പുതിയ തുടക്കത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്.

Comments are closed.