അതിഥി തൊഴിലാളികള്‍ സംഘടിച്ച പായിപ്പാടേക്ക് കമ്മ്യൂണിറ്റി കിച്ചനിലൂടെ ഭക്ഷണം ഉറപ്പാക്കാന്‍ തീരുമാനം
ചങ്ങനാശ്ശേരി: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അതിഥി തൊഴിലാളികള്‍ സംഘടിച്ച പായിപ്പാടേക്ക് കോട്ടയം എസ്.പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുന്നു. സംഭരിച്ചു വച്ച വെള്ളവും ഭക്ഷ്യവസ്തുകളും തീര്‍ന്നതോടെയാണ് നൂറുകണക്കിന് തൊഴിലാളികള്‍ പായിപ്പാട് ടൌണില്‍ ഇറങ്ങി പ്രതിഷേധിച്ചത്.
അതിഥി തൊഴിലാളികളെ പൊലീസ് ഇവിടെ നിന്നും ലാത്തി വീശി ഓടിച്ചു. നിലവില്‍ ഇവിടെയുള്ള തൊഴിലാളികളെല്ലാം ക്യാംപുകളിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്. തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ ഇനിയും സംഘടിക്കാന്‍ സാധ്യതയുണ്ടെന്ന് വിവരത്തെ തുടര്‍ന്നാണ് പായിപ്പാട് കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചത്. പത്തനംതിട്ടയില്‍ നിന്നാവും കൂടുതല്‍ പൊലീസുകാരെ എത്തിക്കുക.
അതിനിടെ പായിപ്പാട്ടെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ ചങ്ങനാശ്ശേരിയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. മന്ത്രി പി.തിലോത്തമന്, പത്തനംതിട്ട-കോട്ടയം ജില്ലാ കളക്ടര്‍മാര്‍, കോട്ടയം എസ്.പി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചങ്ങനാശ്ശേരി റെസ്റ്റ് ഹൌസിലാണ് യോഗം പുരോഗമിക്കുന്നത്.
എന്നാല്‍ ഇത്രയേറെ തൊഴിലാളികള്‍ ഒരുമിച്ച് സംഘടിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോട്ടയം കളക്ടര്‍ യോഗത്തില്‍ പറഞ്ഞതായാണ് അറിവ്. അതേസമയം ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെയുള്ള അതിഥി തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി കിച്ചനിലൂടെ ഭക്ഷണം ഉറപ്പാക്കാനും ഇനി ഇവിടെ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാനും അധികൃതര്‍ തീരുമാനിച്ചു.
Comments are closed.