മര്‍ക്കസില്‍ മതപരമായ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്ത 9 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഇരുന്നൂറോളം പേര് നിരീക്ഷണത്തില്‍
ദില്ലി: മര്‍ക്കസില്‍ നടന്ന ഒരു മതപരമായ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്ത് മടങ്ങിയ ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിസാമുദ്ദീന്‍ ദര്‍ഗ്ഗയ്ക്ക് സമീപത്തുള്ള മര്‍ക്കസിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുന്നൂറോളം പേരെ കൊവിഡ് നിരീക്ഷണത്തിലാക്കി. നിസ്സാമുദ്ദീന്‍ ആസ്ഥാനമായ തബ്ലീഗ് ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച ആഗോള പ്രാര്‍ത്ഥനാ യോഗമാണ് കൊവിഡ് വൈറസിന്റെ ദേശീയതലത്തിലുള്ള വ്യാപനത്തിന് കാരണമായത്.
പരിപാടിയില്‍ പങ്കെടുത്ത ചില തമിഴ്നാട്, തെലങ്കാന സ്വദേശികള്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. എന്നാല്‍ ചില മലയാളികളും ചടങ്ങില്‍ പങ്കെടുത്തിരുന്നതായാണ് വിവരം. അതേസമയം മാര്‍ച്ച് മാസത്തില്‍ പലദിവസങ്ങളിലായി നടന്ന ആഗോള പ്രാര്‍ത്ഥന സംഗമത്തിന് തായ്ലന്ഡ്, ഇന്തോനേഷ്യ,മലേഷ്യ, സൗദി അറേബ്യ, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആളുകളെത്തിയിരുന്നു.
മാര്‍ച്ച് 24-ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും പരിപാടിക്കെത്തിയ 1300-ഓളം പേര് മേഖലയില്‍ തന്നെ ഡോര്‍മിറ്ററികളിലും മറ്റുമായി തങ്ങുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ മര്‍ക്കസില്‍ നടന്ന മത ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ചൂറിലധികം പേര് പങ്കെടുത്തിരുന്നു.
വ്യാഴാഴ്ച്ച ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കൊവിഡ് ബാധിച്ച് മരിച്ച അറുപത്തിയഞ്ചുകാരനും ഈ കൂട്ടത്തിലുണ്ടായിരുന്നു. ആന്ധ്രപ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ച അന്പത്തിരണ്ടുകാരനും ആന്റമാന് നിക്കോബാറില്‍ നിന്നുള്ള ആറ് പേരും ഇതേ ചടങ്ങില്‍ പങ്കെടുത്തവരാണ്. ഈ സാഹചര്യത്തിലാണ് പരിസരത്തുള്ളവരെ നിരീക്ഷണത്തിലാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച ചില വിദേശികളും ഇവിടെ എത്തിയിരുന്നു. ഈ വിദേശികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ തമിഴ്നാട്ടിലെ മധുര സ്വദേശി ഇതിനോടകം മരണപ്പെട്ടിട്ടുണ്ട്. കര്‍ണാടകയില്‍ കൊവിഡ് ബാധിതനായി മരിച്ച തുംകൂര്‍ സ്വദേശിയും ഇവിടെ എത്തിയിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം തമിഴ്നാട്ടിലേക്ക് പോയ രണ്ട് തായ്ലാന്ഡ് പൗരന്മാരില് നിന്നും നേരിട്ടും പരോക്ഷമായും പതിനാല് പേരിലേക്കാണ് രോഗം പകര്‍ന്നത്.
Comments are closed.