സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 286 ആയി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 286 ആയി. എട്ടു പേര്‍ കാസര്‍കോട് ജില്ലക്കാരും അഞ്ചു പേര്‍ ഇടുക്കിയില്‍ നിന്നുമാണ്. കൊല്ലത്ത് രണ്ട്, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് സ്ഥിരീകരിച്ചത്. 256 പേര്‍ ചികിത്സയിലും 1,65,934 പേര്‍ നിരീക്ഷണത്തിലുമാണ്. 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 8456 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം രോഗബാധയുണ്ടായ 200 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഏഴു പേര്‍ വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം മൂലം 76 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ടു പേര്‍ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയവരാണ്. 28 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഓരോ ആളുകള്‍ക്ക് രോഗം മാറിതായി സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വിഡിയോ കോണ്‍ഫറന്‍സ് നടത്തിയപ്പോള്‍ അദ്ദേഹത്തെ അറിയിച്ചു. ലോകത്താകെ വ്യാപിച്ചു കിടക്കുന്നവരാണു മലയാളികള്‍. വിദേശത്ത് ക്വാറന്റീന്‍ ഇന്ത്യന്‍ എംബസികളുടെ കീഴില്‍ ഒരുക്കണം. നഴ്‌സുമാര്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണം. കൊറോണ ബാധിച്ചല്ലാതെ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
.

Comments are closed.