അതിര്‍ത്തി തുറക്കില്ലെന്ന് കർണാടക ബിജെപി അധ്യക്ഷന്‍; ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സുപ്രീം കോടതിയിലേക്ക്

കാസർകോട്: കാസർകോട്ടെ കർണാടക അതിർത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സുപ്രീം കോടതിയെ സമീപിക്കും. ഇന്നു വൈകിട്ടുതന്നെ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് സൂചന. ഇതിനിടെ, കർണാടക അതിർത്തി തുറക്കില്ലെന്ന് കർണാടക ബിജെപി അധ്യക്ഷൻ നളിൻകുമാർ കട്ടീൽ ട്വീറ്റ് ചെയ്തു.

ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തും ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നു വ്യക്തമാക്കിയും കർണാടക ഹർജി ഫയൽ ചെയ്യും. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമാണെന്നും അതു പ്രകാരമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നും കർണാടകം സുപ്രീം കോടതിയിൽ വ്യക്തമാക്കും.

സേവ് കർണാടക ഫ്രം പിണറായി’എന്ന ഹാഷ്ടാഗിലായിരുന്നു കട്ടീലിന്റെ ട്വീറ്റ്. കാസർകോട് ജില്ലയിലെ കോവിഡ് 19 പോസിറ്റീവ് കേസുകളേക്കാൾ കുറവാണ് കർണാടകത്തിലെ പോസിറ്റീവ് കേസുകളെന്നും ഇത്തരമൊരു സന്ദർഭത്തിൽ കർണാടകത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും ട്വീറ്റിൽ പറയുന്നു.

വിദ്യാഭ്യാസ, ആരോഗ്യ വിഷയങ്ങളിൽ കാസർകോട്ടെ ജനങ്ങളെ എപ്പോഴും കർണാടകം പരിഗണിച്ചിട്ടുണ്ട്. ഇതിനിടയിൽ പിണറായി വിജയൻ രാഷ്ട്രീയം കളിക്കരുത്. കാസർകോട്ടെ ജനങ്ങൾക്കാവശ്യമായ സൗകര്യം അവിടെത്തന്നെ ഒരുക്കിനൽകാൻ പിണറായി വിജയൻ തയ്യാറാവണമെന്നും കട്ടീൽ ട്വീറ്റിൽ പറയുന്നു.
കാസർകോട്ടുനിന്ന് കർണാടകത്തിലേക്കുള്ള ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി ചൊവ്വാഴ്ച ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു.

ദേശീയപാത അടയ്ക്കാൻ കർണാടകത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. രോഗികളുമായി പോകുന്ന വാഹനങ്ങൾ ലോക്ക്ഡൗണിന്റെ ഭാഗമായി തടയാൻ കഴിയില്ല. കേന്ദ്രം ഇടപെട്ട് പാത അടച്ച നടപടി പിൻവലിക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.