കോവിഡ് വ്യാപനം : 15 ദിവസംകൊണ്ട് ജനങ്ങള്‍ ബാങ്കില്‍നിന്ന് പിന്‍വലിച്ചത് 53,000 കോടി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണില്‍ 15 ദിവസംകൊണ്ട് ജനങ്ങള്‍ ബാങ്കില്‍നിന്ന് പിന്‍വലിച്ചത് 53,000 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. 16 മാസത്തിനിടയില്‍ ബാങ്കുകളില്‍നിന്ന് പിന്‍വലിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. ഉത്സവ സീസണുകളിലും തിരഞ്ഞെടുപ്പ് സമയത്തുമാണ് കൂടുതല്‍ തുക നിക്ഷേപകര്‍ പിന്‍വലിക്കാറുള്ളതെന്ന് ആര്‍ബിഐ പറഞ്ഞു.

എന്നാല്‍ അടച്ചിടുന്ന സാഹചര്യത്തില്‍ ബാങ്കുകളില്‍നിന്നും എടിഎമ്മുകളില്‍നിന്നും പണമെടുക്കാന്‍ കഴിയുമോയെന്ന ആശങ്കയലാണ് ജനങ്ങള്‍ ബാങ്ക് ശാഖകളിലെത്തി വന്‍തോതില്‍ പണം പിന്‍വലിച്ചതെന്ന് ആക്സിസ് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായ സുഗതാ ഭട്ടാചാര്യ വ്യക്തമാക്കി. ആവശ്യം വര്‍ധിച്ചതിനെതുടര്‍ന്ന് കൂടുതല്‍ പണം ലഭ്യമാക്കിയതായി ആര്‍ബിഐ പറയുന്നു.

അതേസമയം മാര്‍ച്ച് 13ലെ ആര്‍ബിഐയുടെ കണക്കുപ്രകാരം 23 ലക്ഷംകോടി രൂപയാണ് രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ളത്. ബാങ്കുകളിലെ സേവനങ്ങളും പരിമിതപ്പെടുത്തിയിട്ടുണ്ട്. ചെറിയ തുകകള്‍ എടിഎമ്മില്‍ നിന്ന് തന്നെ നിര്‍ബന്ധമായും പിന്‍വലിക്കണമെന്നാണ് നിര്‍ദ്ദേശം.

Comments are closed.