കൊറോണയുടെ പേരിൽ പ്രവാസികളെ പഴിക്കരുത്; വെള്ളാപ്പള്ളി നടേശൻ

കൊല്ലം: കൊറോണ വൈറസ് വ്യാപനത്തിൻ്റെ പേരിൽ പ്രവാസി സഹോദരങ്ങളെ അധിക്ഷേപിക്കുന്ന വിധം ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന വിമർശനങ്ങൾ അത്യന്തം വേദനാജനകവും ദൗർഭാഗ്യകരവുമാണെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി.
ജീവിതത്തിൻ്റെ പ്രാരാബ്ദങ്ങളും പേറി ജനിച്ചുവളർന്ന നാടും പ്രിയപ്പെട്ടവരെയും വിട്ട് പച്ച തുരുത്തുകൾ തേടി കടൽ കടന്ന നമ്മുടെ സ്വന്തം കൂടെപ്പിറപ്പുകൾ തന്നെയാണ് അവരും. പ്രവാസികൾ സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമല്ല സംസ്ഥാനത്തിന്റെ പൊതുവായ സമ്പദ്ഘടനയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന കാര്യം ആരും വിസ്മരിക്കരുത്.

കഴിഞ്ഞ വർഷത്തെ മാത്രം സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കേരളത്തിലെ സ്വകാര്യ പൊതുമേഖല ബാങ്കുകളിലെ ആകെ നിക്ഷേപത്തിൻ്റെ 36% പ്രവാസികളുടെ വിയർപ്പിൻ്റെ മൂല്യമാണന്ന സത്യാവസ്ഥ നാം കാണാതെ പോകരുത്.
സംസ്ഥാനത്ത പ്രളയം വന്നാലും കൊടുങ്കാറ്റ് വീശിയാലും ദുരന്തനിവാരണ നിധിയിലേക്ക് കനപ്പെട്ടൊരു പങ്ക് സംഭാവന നൽകാൻ പ്രവാസികൾ എന്നും മുമ്പിലുണ്ടായിരുന്നു.

2018 ലെ മഹപ്രളയത്തിലും പ്രവാസ ലോകത്ത് നിന്നും അകമഴിഞ്ഞ സഹായമാണ് സംസ്ഥാനത്ത് ലഭിച്ചത്‌. അതിനിടെ നിയതിയുടെ നിയോഗം പോലെ എവിടെ നിന്നോ തുടങ്ങി ആരിലൂടെയൊക്കെയൊ എവിടെ വരെ എത്തുമെന്ന് ശാസ്ത്രലോകത്തിനു പോലും നിർവചിക്കാനാവാത്ത കൊറോണയുടെ പേരിൽ പാവം പ്രവാസികളെ പഴിക്കുന്നതും മാനസീകമായും ശാരീരികമായും ഒറ്റപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നത് നന്ദികേടാണന്ന് മാത്രമല്ല, കൊടും ക്രൂരതയുമാണ്.

കൊറോണ ഭീതിയിൽ അന്യ നാടുകളിൽ നിന്ന് ഉറ്റവർക്കരുകിലേക്ക് പറന്നെത്താൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സുരക്ഷയും കരുതലും ആശ്വാസവുമാണ് നമ്മൾ ഓരോരുത്തരും പകർന്ന് നൽകേണ്ടത്. ലോകം മുഴുവൻ വ്യാപിച്ച മഹാമാരിയാണ് കൊവിഡ്-19. അതിന്റെ ബുദ്ധിമുട്ടുകൾ എല്ലാ മനുഷ്യരും അറിഞ്ഞുകൊണ്ടിരിക്കുകയുമാണ്. സംസ്ഥാന- കേന്ദ്ര സർക്കാരുകൾ സാധ്യമായ എല്ലാ കരുതൽ നടപടികളും കൈക്കൊള്ളുന്നുമുണ്ട്.

അതിനിടെയാണ് കേരളത്തിൽ കൊവിഡ് പരക്കാൻ കാരണം പ്രവാസികളാണെന്ന തരത്തിൽ അവരെ പരസ്യമായി ആക്ഷേപിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. അത്തരം കുറ്റപ്പെടുത്തലുകൾ ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാനാവില്ല. ഇന്നത്തെ സ്ഥിതി ഇതാണങ്കിൽ നാളെ ആര് ആർക്ക് തുണയാകുമെന്നു പോലും നിശ്ചയമില്ല. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽപ്രവാസി സഹോദരങ്ങളെ ഒറ്റപ്പെടുത്താനല്ല, മനസുകൊണ്ട് ചേർത്ത് നിർത്താനാണ് നമ്മൾ തയ്യാറാവേണ്ടതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.