ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ രാമനവമിയോടനുബന്ധിച്ചുള്ള റാലിയില്‍ പങ്കെടുത്ത് തെലങ്കാന മന്ത്രിമാര്‍
ഹൈദരാബാദ്: കൊവിഡ് 19 പ്രതിരോധത്തെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ രാമനവമിയോടനുബന്ധിച്ചുള്ള റാലിയില്‍ പങ്കെടുത്തിരിക്കുകയാണ് തെലങ്കാന മന്ത്രിമാര്‍. തുടര്‍ന്ന് നിയമ-പരിസ്ഥിതികാര്യ മന്ത്രി അല്ലോല ഇന്ദ്രാകരണ്‍ റെഡ്ഢി, ഗതാഗത മന്ത്രി പുവ്വഡ അജയകുമാര്‍ എന്നിവരാണ് തലയില്‍ കുംഭമെടുത്ത് ശ്രീ സീതാ രാമചന്ദ്രസ്വാമി ക്ഷേത്രത്തിലെ രാമനവമി ആഘോഷത്തില്‍ പങ്കെടുത്തത്.
അതേസമയം 127 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. തബ് ലീഗി ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. ക്ഷേത്രങ്ങളില്‍ ഇന്ന് പൂജ നടക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തിരുന്നില്ല. ഇതോടെ ഗേറ്റിന് പുറത്ത് തീര്‍ത്ഥാടകര്‍ കൂട്ടം കൂടി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ആളുകളെ പിരിച്ചുവിടാന്‍ തുടങ്ങി.
എന്നാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ബംഗാളിലും രാമനവമി ആഘോഷങ്ങള്‍ നടന്നു. പലയിടത്തും പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. പൂജക്ക് ശേഷം ആളുകളോട് വീട്ടില്‍ പോകാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. അതേസമയം കൊല്‍ക്കത്തയിലെ ക്ഷേത്രങ്ങളിലെ പൂജാരിമാരോട് ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ പൊലീസ് നിര്‍ദേശം നല്കി.
പല ക്ഷേത്രങ്ങളുടെ ഗേറ്റിന് മുന്നിലും വലിയ ക്യൂ കാണാമായിരുന്നു. ബര്‍ദ്വാന്‍, പുരുലിയ, ബാങ്കുറ, വെസ്റ്റ് മിഡ്നാപുര് തുടങ്ങിയ ജില്ലകളില്‍ ആളുകള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി. വെസ്റ്റ് മിഡ്നാപുരില്‍ ചായക്കടയില്‍ തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിന് നേരെ ആക്രമണമുണ്ടായി.
Comments are closed.