കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇരയെ വീട്ടില്‍ കയറി പലവട്ടം ആക്രമിച്ചെന്നു പരാതി

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് പോക്സോ കേസിലെ പ്രതി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇരയെ വീട്ടില്‍ കയറി പലവട്ടം ആക്രമിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ചു. എന്നാല്‍ പ്രതി പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണ്. ഒരു വര്‍ഷം മുന്‍പാണ് ഇയാള്‍ക്കെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കേസ് നല്‍കിയത്. തുടര്‍ന്നാണ് പോലീസ് പോക്സോ കേസെടുത്തത്.

ഒരു വര്‍ഷം മുന്‍പ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കണമെന്നും പ്രതിയെ വിവാഹം കഴിക്കാന്‍ തയാറാവണം എന്നും ആവശ്യപ്പെട്ടാണ് പ്രതി വീട്ടിലെത്തിയത്. എന്നാല്‍ പെണ്‍കുട്ടി എതിര്‍ത്തതോടെ ആക്രമിക്കുകയും മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിക്കൊണ്ടുപോയി. തുടര്‍ന്ന് മറ്റാരെയും വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്നും ഭീഷണിപ്പെടുത്തി.

പ്രതി വിദേശത്തായിരുന്ന സമയത്ത് മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുളളില്‍ നാട്ടിലെത്തി വരനെ ഭീഷണിപ്പെടുത്തി വിവാഹം മുടക്കുകയായിരുന്നു. അതേസമയം പരാതിയുമായി എത്തിയപ്പോള്‍ പ്രതിയെത്തന്നെ വിവാഹം ചെയ്യാന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ നിര്‍ബന്ധിച്ചതായും ആരോപണമുണ്ട്.

Comments are closed.