അന്തർസംസ്ഥാന മയക്കുമരുന്ന് കേസ്സുകളിലെ പ്രതി 2 കോടി രൂപ മതിക്കുന്ന ഹാഷിഷുമായി വർക്കല ഐ.എസ്.എച്ച്.ഒ ജി.ഗോപകുമാറിന്റെ പിടിയിലായി
വർക്കല: തിരുവനന്തപുരം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ വര്‍ക്കലയിലും കോവളത്തും എത്തിച്ചേരുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് വന്‍തോതില്‍ മയക്കുമരുന്ന് കച്ചവടം നടത്തിപ്പോന്നിരുന്ന നിരവധി കേസ്സുകളിലെ പ്രതിയെ വര്‍ക്കല പോലീസ് ഒന്നരക്കിലോ ഹാഷിഷുമായി പിടികൂടി.
വര്‍ക്കല കുരയ്ക്കണ്ണിയിൽ പുന്നമൂട് നന്ദനം വീട്ടില്‍ കുട്ടന് മകന് ജയകുമാറിനെയാണ് വര്‍ക്കലയില്‍ താമസിയ്ക്കുന്ന വിദേശികള്‍ക്ക് മയക്കുമരുന്ന് കൈമാറുന്നതിനിടെ പിടിച്ചത്. ഒരു ഗ്രാം ഹാഷിഷ് ഇയാള്‍ 3000 രൂപാ നിരക്കിലാണ് വിദേശികൾക്ക് വിറ്റുവന്നിരുന്നത്.
വര്‍ക്കലയില്‍ സൂപ്പര്‍മാര്‍ക്കറ്റും ഹോംസ്റ്റെയും നടത്തി വന്നിരുന്ന ജയകുമാർ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മയക്കുമരുന്ന് കച്ചവടവും കള്ളനോട്ട് ഇടപാടുകളും നടത്തി വന്നിരുന്ന ആളാണ്. 2005 ല്‍ ഒന്നരലക്ഷം രൂപയുടെ കള്ളനോട്ട് കൈവശം വച്ചതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കള്ളനോട്ട് കൈവശം വച്ചതിന് 2006 ല്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ പിടിയിലായിട്ടുണ്ട്. വിദേശികൾക്ക് 2004 ല്‍ ഹാഷിഷും ചരസ്സും വില്പന നടത്തവേ എക്സൈസിന്റെ പിടിയിലാവുകയും ജില്ലാ കോടതി ഇയാളെ 5 വര്‍ഷത്തേയ്ക്ക് ശിക്ഷിയ്ക്കുകയും 2 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ജാമ്യത്തിലാണ്. ഹാഷിഷും ചരസ്സും കച്ചവടം ചെയ്തതിന് 2003 ലും 2008 ലും വര്‍ക്കല പോലീസ് സ്റ്റേഷനിലും വര്‍ക്കല എക്സൈസ് റേഞ്ച് ഓഫീസിലും ഇയാള്‍ക്കെതിരെ നിരവധി കേസ്സുകളുണ്ട്. നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ കണക്ക് പ്രകാരം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1 കിലോഗ്രാം ഹാഷിഷിന് ഒന്നരക്കോടി രൂപ വിലയുണ്ട്. വിദേശ വിനോദസഞ്ചാരികള്‍ക്കും അന്യസംസ്ഥാനത്ത് നിന്നും വരുന്ന വിനോദസഞ്ചാരികള്‍ക്കും മാത്രമേ ഇയാള്‍ ഈ മയക്കുമരുന്ന് വില്‍പ്പന നടത്താറുള്ളൂ. ജര്‍മ്മന്‍ വിനോദസഞ്ചാരിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലായിരുന്ന ജയകുമാര്‍ ഹാഷിഷുമായി പാപനാശം കടപ്പുറത്ത് എത്തുമെന്ന വിശ്വാസയോഗ്യമായ വിവരം ജില്ലാ പോലീസ് മേധാവി ബി.അശോകന് IPS ന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. പി.വി. ബേബിയുടെ നിര്‍ദ്ദേശപ്രകാരം വര്‍ക്കല പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ പി.അജിത്ത്കുമാര്‍, പ്രോബേഷനറി സബ്ബ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍.വി.പി, സി.പി.ഓ മാരായ നാഷ്, ഡിസിന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഷിബു കൂട്ടുംവാതുക്കൽ
Comments are closed.