ടൊയോട്ട തങ്ങളുടെ കൊറോള ക്രോസ് എന്ന മോഡല്‍ ജൂലൈ ഒമ്പതിന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

0

സെഡാന്‍ മോഡലായ കൊറോളയെ അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട. കൊറോള ക്രോസ് എന്ന മോഡല്‍ ജൂലൈ ഒമ്പതിന് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആദ്യഘട്ടത്തില്‍ തായ്‌ലാന്‍ഡ് വിപണിയിലാകും വാഹനം വില്‍പ്പനയ്ക്ക് എത്തുക. വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങളും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നാല് വകഭേദങ്ങളിലാകും വാഹനം വിപണിയില്‍ എത്തുന്നത്. 1.8 സ്‌പോര്‍ട്ട്, 1.8 ഹൈബ്രിഡ് സമാര്‍ട്ട്, 1.8 ഹൈബ്രിഡ് പ്രീമിയം, 1.8 ഹൈബ്രിഡ് പ്രീമിയം സേഫ്റ്റി എന്നിങ്ങനെയാകും നാല് വകഭേങ്ങള്‍.

വിപണിയില്‍ ഹോണ്ട HR-V, മസ്ത CX-30, ജീപ്പ് കോമ്പസ് എന്നിവരാകും മോഡലിന്റെ എതിരാളികള്‍. അളവുകള്‍ പരിശോധിച്ചാല്‍ 4,460 mm നീളവും 1,825 mm വീതിയും 1,620 mm ഉയരവും 2,460 mm വീല്‍ബേസുമാണുള്ളത്. 161 mm ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാകും കൊറോള ക്രോസ് വിപണിയില്‍ എത്തുക.

1.8 ലിറ്റര്‍ പെട്രോള്‍, 1.8 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനുകളാകും ഇടംപിടിക്കുക എന്നും സൂചനയുണ്ട്. പെട്രോള്‍ എഞ്ചിന്‍ 6,000 rpm-ല്‍ 140 bhp കരുത്തും 4,000 rpm -ല്‍ 175 Nm torque സൃഷ്ടിക്കും.

ഹൈബ്രിഡ് പതിപ്പിലെ പെട്രോള്‍ എഞ്ചിന്‍ 98 bhp കരുത്തും 142 Nm torque ഉം സൃഷ്ടിക്കും. ഇലക്ട്രിക് മോട്ടോര്‍കൂടി ചേരുന്നതോടെ 122 bhp കരുത്ത് സൃഷ്ടിക്കും. സിവിടിയാണ് ഇരു മോഡലിലേയും ഗിയര്‍ബോക്‌സ് ഓപ്ഷന്‍.

ടൊയോട്ടയുടെ റേവ് 4-ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഡിസൈനിലാണ് കൊറോള ക്രോസ് ഒരുങ്ങിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, വീതി കുറഞ്ഞ ഹെഡ്‌ലാമ്പ് എന്നിവയാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്.

ബ്ലാക്ക് ക്ലാഡിങ്ങ് നല്‍കിയുള്ള ബോഡി കളര്‍ ബംമ്പര്‍, എല്‍ഇഡി ടെയില്‍ലാമ്പ്, ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് പിന്‍വശത്തെ മനോഹരമാക്കുന്നത്. ഉയര്‍ന്ന പതിപ്പുകളില്‍ 18 ഇഞ്ചാണ് അലോയി വീലുകള്‍.

അകത്തളത്തിലും നിരവധി ഫീച്ചറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് എസി, റിവേഴ്‌സ് ക്യാമറ, 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, ബ്ലൈന്‍ഡ് സ്‌പോര്‍ട്ട് സെന്‍സര്‍, ക്രോസ് ട്രാഫിക് അലേര്‍ട്ട്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ എന്നിവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകള്‍.

Leave A Reply

Your email address will not be published.