സ്വപ്ന സുരേഷിനെതിരെ കസ്റ്റംസ് ചുമത്തിയ പുതിയ കേസിന്റെ വിശദാംശങ്ങൾ പുറത്തു വന്നു.

0

കൊച്ചി: സ്വപ്ന സുരേഷിനെതിരെ കസ്റ്റംസ് ചുമത്തിയ പുതിയ കേസിന്റെ വിശദാംശങ്ങൾ പുറത്തു വന്നു. രാജ്യത്ത് നിന്ന് അനധികൃതഡോളർ വിദേശത്തേക്ക് കടത്തിയതിൽ എം ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങൾക്ക് പുതുതായി ലഭിച്ചിരിക്കുന്ന വ്യക്തമായ വിവരം. വിദേശത്തേക്ക് കടത്തിയിട്ടുള്ളത് 1.90 ലക്ഷം യുഎസ് ഡോളറായിരുന്നു. ഈ ഡോളർ കിട്ടാൻ ബാങ്കുദ്യോഗസ്ഥരിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയത് ശിവശങ്കറാണെന്നാണ് കസ്റ്റംസിന് കിട്ടിയ വിവരം.

വൻസമ്മർദ്ദം മൂലമാണ് ഡോളർ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞതായുള്ള മൊഴിയും കസ്റ്റംസിന്റെ കൈവശമുണ്ട്. ഈ പണമാണ് പിന്നീട് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് മുന്നിൽ വച്ച് കോൺസുലേറ്റിലെ ധനകാര്യവിഭാഗത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഖാലിദിന് കൈമാറിയിരുന്നത്. ഖാലിദാണ് ഈ തുക വിദേശത്തേക്ക് കടത്തിയതെന്നും സൂചന. ഇത്തരത്തിൽ പണം കൈമാറിയ വിവരം കൈരളി ചാനൽ എംഡി ജോൺ ബ്രിട്ടാസ് അവരുടെ എഡിറ്റോറിയൽ പരിപാടിയിൽ വെളിപ്പെടുത്തുകയും, അത്തരം വിവരം തനിക്കുണ്ടെന്ന്, ധനമന്ത്രി തോമസ് ഐസക് സമ്മതിക്കുകയും ചെയ്തിരുന്നതാണ്.

ഈ ഇടപാടിനായി സ്വപ്നപ്രഭാസുരേഷ്, സന്ദീപ് നായർ, എം ശിവശങ്കർ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് കസ്റ്റംസിന് പുതിയ റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രണ്ട് തവണ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ രണ്ട് തവണയും ശിവശങ്കർ ചോദ്യം ചെയ്യാലിനായി എത്തിയിരുന്നില്ല. ആരോഗ്യകാര്യങ്ങൾ പറഞ്ഞ് ഒഴിവയ്ക്കുകയായിരുന്നു. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ പ്രതി ചേർക്കാമെന്ന നീക്കത്തോടെ മുന്നോട്ടുപോകാനായിരുന്നു കസ്റ്റംസിന്റെ ഉദ്ദേശം.പിന്നീട് ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ OR – Occurance Report കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യകോടതിയിൽ റജിസ്റ്റർ ചെയ്യുകയാണുണ്ടായത്.

എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ അങ്ങനെ നിർണായകമായ വഴിത്തിരിവിലെത്തിയപ്പോഴാണ് അദ്ദേഹം ആശുപത്രിയിൽ അനാരോഗ്യം മൂലം പ്രവേശിപ്പിക്കപ്പെട്ടത്. സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളർ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസിൽ എമിഗ്രേഷൻ വിഭാഗത്തിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതിനായി സ്വപ്നയ്ക്ക് ഒപ്പം വിദേശയാത്ര നടത്തിയവരുടെ വിവരങ്ങളാണ് ശേഖരിച്ചത്.

ഇതിന് മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യാനായി കസ്റ്റംസ് ശിവശങ്കറിനെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വിളിച്ചെങ്കിലും അദ്ദേഹം എത്താനാകില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു. അതിന് ശേഷം, വെള്ളിയാഴ്ചയും അദ്ദേഹത്തെ കസ്റ്റംസിൽ നിന്നും വിളിച്ചു. അപ്പോഴും അസുഖമുണ്ടെന്നും, ആരോഗ്യപ്രശ്നമുണ്ടെന്നുമാണ് അദ്ദേഹം കസ്റ്റംസിനോട് പറഞ്ഞത്. എന്താണ് അസുഖമെന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് എം ശിവശങ്കർ കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ല.

ഇതേത്തുടർന്നാണ് കസ്റ്റംസ് നേരിട്ടെത്തി ശിവശങ്കറിന് ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. അത് പരിശോധിച്ചപ്പോഴാണ് സ്വർണക്കടത്ത് കേസല്ല, പുതിയൊരു കേസ് നമ്പറാണ് നോട്ടീസിലുള്ളതെന്ന് എം ശിവശങ്കറിന് ബോധ്യപ്പെട്ടത്. കസ്റ്റംസ് ആക്ടിലെ 108- പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കേസിൽ ബന്ധമുണ്ടെന്ന് വിവരം ലഭിക്കുന്നവരെ വിളിച്ചുവരുത്താനുള്ള നോട്ടീസാണ് ശിവശങ്കറിന് നൽകിയിരുന്നത്. ഇതിന് പിന്നാലെ നോട്ടീസിലെ വിവരങ്ങൾ കൊച്ചിയിലെ അഭിഭാഷകരുമായി ശിവശങ്കർ ചർച്ച ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യൽ നീട്ടിവയ്ക്കാൻ കഴിയുമോ എന്നാണ് വീണ്ടും ശിവശങ്കർ ഉദ്യോഗസ്ഥരോട് തിരക്കിയത്.ഇല്ല, വന്നേ തീരൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെ, അദ്ദേഹം വീട്ടിൽ നിന്ന് ഉദ്യോഗസ്ഥരോടൊപ്പം തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെയ്ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

Leave A Reply

Your email address will not be published.