ജസീന്ത ആർഡൻ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തി.

0

വെല്ലിംഗ്ടൺ: കൊവിഡിനെ വിജയകരമായി പ്രതിരോധിച്ച ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തി. 120 അംഗ പാർലമെന്റിൽ ജസീന്തയുടെ ലിബറൽ ലേബർ പാർട്ടി 64 സീറ്റുകൾ ഉറപ്പാക്കിയാണ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത്.

കാൽ നൂറ്റാണ്ടിന് ശേഷമാണു ന്യൂസിലാൻഡ് പൊതു തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനുളള ജനവിധി നടപ്പിൽ വരുന്നത്. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ വോട്ടു വിഹിതമാണ് ജസീന്തയുടെ ലിബറൽ ലേബർ പാർട്ടി കരസ്ഥമാക്കിയത്. ജസീന്തയുടെ പാർട്ടി 49 ശതമാനം വോട്ടുകൾ നേടിയപ്പോൾ മുഖ്യപ്രതിപക്ഷമായ കൺസർവേറ്റിവ് നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.

കൊവിഡിനെ വിജയകരമായി നിയന്ത്രിച്ച ഭരണ മികവാണ് ജസീനതയ്ക്ക് ഈ ഉജ്ജ്വല വിജയം നല്കാൻ ന്യൂസീലൻഡ് ജനതയെ പ്രേരകമായി തീർന്ന പ്രധാന ഘടകം. ഇപ്പോൾ ന്യൂസിലാൻഡിൽ ഉള്ളത് വെറും 40 കോവിഡ് രോഗികൾ മാത്രമാണ്. ജനങ്ങൾ മാസ്ക് അണിഞ്ഞു നടക്കേണ്ടി വരാത്ത അപൂർവം രാജ്യങ്ങളിലൊന്ന്. ഈ വമ്പൻ വിജയത്തോടെ ഇനി കൂട്ടുകക്ഷി ഭരണത്തിന്റെ പരിമിതികൾ ഇല്ലാതെ ജസീന്തതയ്ക്ക് നാടിനെ ധൈര്യപൂർവ്വം നയിക്കാം. നന്ദിയെന്ന വാക്കു മാത്രമാണ് തനിക്ക് പറയാനുള്ളതെന്നാണ് ജസീന്ത പ്രതികരിച്ചത്.

കഴിഞ്ഞ വർഷം ഭീകരാക്രമണത്തിൽ നടുങ്ങിയ ന്യൂസീലൻഡ് ജനതയെ അനുകമ്പയും ആത്മധൈര്യവും നൽകി തിരികെ കൊണ്ടുവന്നത് ജസീന്തയുടെ മികവായി ലോകം പ്രശംസിച്ചിരുന്നു. നാല്പതുകാരിയായ ജസീന്ത അധികാരത്തിലിരിക്കുമ്പോൾ അമ്മയായും വാർത്തകളിൽ ഇടം നേടിയിരുന്നു.

Leave A Reply

Your email address will not be published.