വാളയാർ കേസ്: കൂടുതൽ ആരോപണങ്ങളുന്നയിച്ചു പെൺകുട്ടികളുടെ അമ്മ.

0

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ കൊലപാതക കേസിൽ കൂടുതൽ ആരോപണങ്ങളുന്നയിച്ചു പെൺകുട്ടികളുടെ അമ്മ. കെപിഎംഎസ്സിനും പുന്നല ശ്രീകുമാറിനുമെതിരെയാണ് ആരോപണം. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഒരു സംഘം വനിതാ പൊലീസുദ്യോഗസ്ഥർ എത്തി അവരുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ സംഭവം. എല്ലാ പിന്തുണയും നൽകുമെന്ന് പറഞ്ഞ പുന്നല പറഞ്ഞുപറ്റിച്ചെന്നും, കേസിലെ അഭിഭാഷകനായ അഡ്വ. ഉദയഭാനുവിനെ മാറ്റേണ്ടി വന്നെന്നും, അവർ വെളിപ്പെടുത്തിയത്. കേസ് അട്ടിമറിക്കാൻ ശ്രമത്തിലാണ് കെപിഎംഎസ് എന്നും അമ്മ ആരോപിച്ചു.

മക്കളുടെ ജീവന് വിലപേശിക്കൊണ്ടാണ് തന്നെ പുന്നല ശ്രീകുമാർ മുഖ്യമന്ത്രിയുടെ അടുക്കൽ കൊണ്ടുപോയിരുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്‍പി സോജന് സ്ഥാനക്കയറ്റം നൽകിയതോടെ എല്ലാ വിശ്വാസവും നഷ്ടപ്പെടുകയായിരുന്നു. മക്കൾക്ക് നീതികിട്ടുമെന്ന് പ്രതീക്ഷിച്ചാണ് മുഖ്യമന്ത്രിയുടെ കാലു വരെ പിടിച്ചത്. എന്നാൽ എല്ലാ പ്രതീക്ഷയും നഷ്ടമാക്കിയുള്ളതായിരുന്നു പ്രതികരണം.

വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ട് പോക്സോ കോടതി വിധി വന്നിട്ട് ഒരു വർഷം പൂർത്തിയാകുമ്പോൾ ദുരൂഹമായി പൊലീസെത്തി മൊഴിയെടുത്തുവെന്ന വാർത്ത ഇതിനകം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‌ തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞദിവസം വനിതാ പോലീസുകാർ പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്. താൻ പറഞ്ഞ കാര്യങ്ങൾ അല്ല മൊഴിയായി രേഖപ്പെടുത്തിയതെന്ന ആരോപണമായിരുന്നു പെൺകുട്ടികളുടെ അമ്മ ഉന്നയിച്ചത്.

പാലക്കാട് വനിതാ സെല്ലിലെ രണ്ട് ഉദ്യോഗസ്ഥരായിരുന്നു വീട്ടിലെത്തി മൊഴിയെടുത്തത്. അമ്മയുടെ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് ആണ് ഇതിലെ വാചകങ്ങൾ. ഇളയ കുട്ടിയുടെ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ചെങ്കിലും ഇതുൾക്കൊളളാതെയാണ് തന്റെ വാക്കുകൾ എഴുതിയെടുത്തതെന്നും അമ്മ പറയുന്നു. കേസിൽ തുടരന്വേഷണമോ, പുനർവിചാരണയോ തീരുമാനമാവാത സാഹചര്യത്തിൽ ഇത്തരം കീഴ്വഴക്കം പതിവില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കേസ് വീണ്ടും അട്ടിമറിക്കപ്പെടുമോ എന്നാണ് വീട്ടുകാരുടെ ആശങ്ക.

മൊഴിയെടുത്തത് വനിതാസെൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എന്തിനാണെന്നതിൽ അവർ വ്യക്തത തരുന്നുമില്ല. ഇത്തരമൊരു നീക്കം ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നതും ദുരൂഹമാണ്.

Leave A Reply

Your email address will not be published.