കോവിഡ് വാക്‌സിനേഷനായി ആശുപത്രികളില്‍ തിക്കുംതിരക്കും

0

ആലപ്പുഴ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ഏര്‍പ്പെടുത്തിയത് യാതൊരു മുന്നൊരുക്കങ്ങളും പാലിക്കാതെ എന്ന് വിമര്‍ശനം ഉയരുന്നു. പലയിടത്തും ജീവനക്കാര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി തിക്കിത്തിരക്കി നില്‍ക്കേണ്ടി വന്നു. അകലം പാലിച്ച്‌ ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനോ, ടോക്കണ്‍ നമ്ബര്‍ പ്രകാരം ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനോ സൗകര്യങ്ങളും ഇല്ലായിരുന്നു.

ജീവനക്കാര്‍ കൂട്ടംകൂടി നില്‍ക്കേണ്ടി വന്നത് ഫലത്തില്‍ രോഗം പകരാനിടയാക്കുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നു. കൂട്ടത്താടെ ജീവനക്കാര്‍ എത്തുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയും, തിരക്ക് ഒഴിവാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ വേണമായിരുന്നു എന്നാണ് ആവശ്യം ഉയരുന്നത്. കൂടാതെ 60 വയസ്സ് പിന്നിട്ടവരും, മറ്റു ഗുരുതര രോഗമുള്ളവരും നിരവധിയായി വാക്‌സിന്‍ എടുക്കാന്‍ എത്തുന്നുണ്ട്.

ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഇന്നലെയും, ഇന്നുമായാണ് നടപ്പാക്കുന്നത്. താലൂക്ക് ആശുപത്രികളുള്‍പ്പടെ 85 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടക്കുന്നുണ്ട്. ഇവിടങ്ങളില്‍ കാത്തിരിപ്പ് ഇല്ലാതെ വാക്‌സിന്‍ നല്‍കും. ഇതിനായി പ്രത്യേക സൗകര്യം ഉണ്ടാകും. എന്നിങ്ങനെയായിരുന്നു ജില്ലാ കളക്ടറുടെ പ്രഖ്യാപനം എങ്കിലും ഫലവത്തായില്ല.

തെരഞ്ഞെടുപ്പിനുമുമ്ബ് ജീവനക്കാര്‍ക്ക് രണ്ടു ഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാനായാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജീവനക്കാരുടെ രജിസ്‌ട്രേഷന്‍ നേരത്തെതന്നെ പൂര്‍ത്തിയാക്കിയിരുന്നു. എല്ലാ ജീവനക്കാരും വാക്‌സിനേഷന്‍ സ്വീകരിച്ചത് സംബന്ധിച്ച സാക്ഷ്യപത്രം ആറിന് തന്നെ കലക്ടറുടെ ഓഫീസില്‍ ലഭ്യമാക്കണം. എല്ലാ പിഎച്ച്‌സികള്‍, എല്ലാ സിഎച്ച്‌സികള്‍, ഡിസ്ട്രിക്‌ട് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രി, താലൂക്ക് ആശുപത്രി, ജനറല്‍ ഹോസ്പിറ്റല്‍, ഡബ്ല്യൂ ആന്‍ഡ് സി ആശുപത്രി എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.