ഒ.ടി.ടിയില്‍ സുപ്രീം കോടതി; നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം പോരാ; നിയമം വേണം

0

ന്യൂഡല്‍ഹി: സാമൂഹിക-ഡിജിറ്റല്‍ മാധ്യമങ്ങളെയും ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വിചാരണയ്‌ക്കു വകുപ്പില്ലാത്തതിനാല്‍ അതു പല്ലില്ലാത്ത നിയമമാണെന്നു സുപ്രീം കോടതി.
കേവലം മാര്‍ഗനിര്‍ദേശങ്ങള്‍ക്കുപകരം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ നിയമം രൂപീകരിക്കണമെന്നും ജസ്‌റ്റിസ്‌ അശോക്‌ ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്‌ നിര്‍ദേശം നല്‍കി.

അതേസമയം “താണ്ഡവ്‌” എന്ന വെബ്‌സീരീസുമായി ബന്ധപ്പെട്ട കേസില്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിന്റെ ഇന്ത്യാ മേധാവി അപര്‍ണ പുരോഹിതിനെ അറസ്‌റ്റ്‌ ചെയ്യുന്നതില്‍നിന്ന്‌ ബെഞ്ച്‌ ഉത്തര്‍പ്രദേശ്‌ പോലീസിനെ തടഞ്ഞു. അന്വേഷണത്തോടു സഹകരിക്കുന്നതും പോലീസ്‌ വിളിപ്പിക്കുമ്ബോള്‍ ഹാജരാകുന്നതും അനുസരിച്ചായിരിക്കും അറസ്‌റ്റില്‍നിന്നുള്ള അപര്‍ണ പുരോഹിതിന്റെ സംരക്ഷണമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.

കേസില്‍ സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ബുധനാഴ്‌ചയാണ്‌ സുപ്രീം കോടതി സോളിസിറ്റര്‍ ജനറലിനോട്‌ ആവശ്യപ്പെട്ടത്‌. ഇന്നലെ ഈ നിര്‍ദേശങ്ങള്‍ ഹാജരാക്കിയപ്പോള്‍ അവയ്‌ക്കു മൂര്‍ച്ചയില്ലെന്നു കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതിയുടെ പരിഗണനയ്‌ക്കായി മെച്ചെപ്പെട്ട മറ്റൊരു കരടുമായി രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വരാമെന്നും സെന്‍സര്‍ഷിപ്പില്ലായ്‌മയ്‌ക്കും സ്വയം സെന്‍സര്‍ഷിപ്പിനും ഇടയിലുള്ള സന്തുലിതാവസ്‌ഥ എന്ന നിലയിലാണ്‌ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി.

Leave A Reply

Your email address will not be published.