സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയുടെ മൊഴിയില്‍ തിരുവനന്തപുരം സ്വദേശി അഭിഭാഷകയെ കുറിച്ചും പരാമര്‍ശം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ‍നോട്ടീസ് നല്‍കി

0

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയില്‍ അഭിഭാഷകയെ കുറിച്ചും പരാമര്‍ശം. തിരുവനന്തപുരം കരമന സ്വദേശി എസ്. ദിവ്യയെ കുറിച്ചാണ് മൊഴിയില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ചോദ്യം ചെയ്യചലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് അഭിഭാഷകയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ബാങ്ക് രേഖകളും പാസ്‌പോര്‍ട്ടും, കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗിക്കുന്ന ഫോണ്‍ രേഖകളും സിം കാര്‍ഡുകളും ചോദ്യം ചെയ്യലില്‍ ഹാജരാക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഡോളര്‍, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും മൂന്ന് മന്ത്രിമാരെ കുറിച്ചും പരാമര്‍ശം നടത്തിയിരുന്നു. ഇവര്‍ക്കൊപ്പമാണ് ഈ അഭിഭാഷകയുടെ പേര് സംബന്ധിച്ചും പരാമര്‍ശം നടത്തിയിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് സമയത്ത് സ്വപ്ന സുരേഷിനെ ഇവര്‍ പലതവണ ബന്ധപ്പെട്ടതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കോണ്‍സുലേറ്റ് ജനറലിനേയും ഇവര്‍ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരോട് ഫോണ്‍രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ കസ്റ്റംസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതിനിടെ സ്വപ്നയുടെയും സരിത്തിന്റേയും രഹസ്യമൊഴികളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റംസിന് കത്ത് നല്‍കി. ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി കടത്തിയ സംഭവത്തില്‍ ഉന്നതരെ ചോദ്യം ചെയ്യുന്നതിനായി മൊഴി അതാവശ്യമാണെന്ന് ഇഡി കത്തില് പറയുന്നു.

ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴ ഇടപാട് സംബന്ധിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ചതും ഡോളറാക്കി വിദേശത്തേക്ക് കടത്തിയതും അന്വേഷണത്തിന്റെ പരിധിയില്‍ വരും. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും സ്പീക്കറും ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വെളിപ്പെടുത്തുന്ന സ്വപ്നയുടെയും സരിത്തിന്റേയും രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റംസിന് കത്ത് നല്‍കിയത്.

Leave A Reply

Your email address will not be published.