ഓഹരിവിപണിയിലെ പോലെ വൈദ്യുതി വാങ്ങലും വിൽക്കലും; കെഎസ്ഇബിക്ക് 300 കോടി ലാഭം

0

തിരുവനന്തപുരം ∙ വില കുറയുന്ന സമയത്തു പവർ എക്സ്ചേഞ്ചിൽ നിന്നു വൈദ്യുതി വാങ്ങുകയും കൂടുമ്പോൾ വിൽക്കുകയും ചെയ്യുന്ന വകയിൽ കെഎസ്ഇബിക്ക് 300 കോടി രൂപ ലാഭം. ഇത് ഉപയോക്താക്കൾക്കു ഗുണകരമാകും. നിരക്കു വർധന നിയന്ത്രിക്കാൻ ഇടയാക്കും.

ഓഹരിവിപണിയിലെ പോലെ 24 മണിക്കൂറും നിരീക്ഷിച്ചു വൈദ്യുതി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതു കൊണ്ടാണു നേട്ടം സാധിച്ചത്. കൂടുതൽ റിസ്ക് എടുക്കാൻ ബോർഡിനു പരിമിതിയുണ്ട്. സ്വകാര്യ സ്ഥാപനമാണെങ്കിൽ കൂടുതൽ ലാഭം ഉണ്ടാക്കാം.

ലാഭം എങ്ങനെ?

∙ ഡാമുകളിലെ 35 – 40% വെള്ളമാണു ബോർഡിന്റെ സ്വത്ത്. വൈദ്യുതി വിപണിയിൽ 24 മണിക്കൂറിൽ 15 മിനിറ്റ് വീതമുള്ള 96 ബ്ലോക്ക് ഉണ്ട്. ഓരോ ബ്ലോക്കിലും വില മാറിക്കൊണ്ടിരിക്കും. ചില ദിവസങ്ങളിൽ യൂണിറ്റിന് 5 – 6 രൂപ വരെ ഉയരും.അപ്പോൾ ജലവൈദ്യുത നിലയങ്ങളിൽ ഉൾപ്പെടെ ഉൽപാദനം നടത്തി വിൽക്കും. അടുത്ത ദിവസങ്ങളിൽ വില 2 – 3 രൂപയായി കുറയുമ്പോൾ വിറ്റ അത്രയും വൈദ്യുതി തിരികെ വാങ്ങും. ജലവൈദ്യുത ഉൽപാദനം ആ സമയത്തു നിർത്തുമെന്നതിനാൽ ആദ്യം ചെലവഴിച്ച വെള്ളത്തിനു തുല്യമായ കറന്റ് തിരികെ ലഭിക്കും. യൂണിറ്റിന് 3 രൂപ ലാഭം.

∙സംസ്ഥാനാന്തര ലൈനുകളിലെ ഫ്രീക്വൻസി കുറയുകയും കൂടുകയും ചെയ്യുന്ന സമയത്താണു മറ്റൊരു വിധത്തിൽ ലാഭം ഉണ്ടാക്കുന്നത്. ഫ്രീക്വൻസി കുറഞ്ഞു ലൈൻ തകരാറിലാകാതിരിക്കാൻ, അധിക വൈദ്യുതി എടുക്കുന്ന സംസ്ഥാനങ്ങൾക്കു പിഴ ശിക്ഷയുണ്ട്. ആ സമയത്തു ജലവൈദ്യുതി ഉൽപാദിപ്പിച്ചു നൽകിയാൽ നല്ല വില ലഭിക്കും. മറ്റു ചിലപ്പോൾ എല്ലാ നിലയങ്ങളിലും ഉൽപാദനം കൂടുമ്പോൾ ഫ്രീക്വൻസി വർധിക്കും. ആരെങ്കിലും വൈദ്യുതി എടുത്തില്ലെങ്കിൽ ലൈൻ തകരാറിൽ ആകുന്ന അവസ്ഥയിൽ കേരളം എടുക്കും. ആ സമയത്ത് 10 പൈസയ്ക്കു പോലും ലഭിക്കും. നമ്മുടെ നിലയങ്ങൾ ഓഫ് ചെയ്താണു തിരികെ വാങ്ങുക.

∙സംസ്ഥാനത്തു വിതരണം ചെയ്യുന്ന വൈദ്യുതിയിൽ നല്ലൊരു പങ്കും കരാറുകളുടെ അടിസ്ഥാനത്തിൽ പുറത്തു നിന്നു വാങ്ങുന്നതാണ്. വാങ്ങിയാലും ഇല്ലെങ്കിലും കരാർ അനുസരിച്ചുള്ള തുക (ഫിക്സഡ് കോസ്റ്റ്) നൽകണം. വൈദ്യുതി വാങ്ങിയാൽ യൂണിറ്റിന് അനുസരിച്ചുള്ള വില പുറമേ. ചില സമയത്തു വിപണിയിൽ വില കുറയുമ്പോൾ കരാർ വൈദ്യുതി വേണ്ടെന്നു വച്ചു വിപണിയിൽ നിന്നു വാങ്ങും. കരാർ വൈദ്യുതിക്കു 4 രൂപയാണെങ്കിൽ 1.50 രൂപയ്ക്കു വിപണിയിൽ നിന്നു വാങ്ങും. 2 രൂപ ഫിക്സഡ് കോസ്റ്റ് നൽകിയാലും യൂണിറ്റിന് 50 പൈസ ലാഭം.

Leave A Reply

Your email address will not be published.