കേരളത്തിലും ഓക്സിജൻ ക്ഷാമം; നിറയാതെ ടാങ്കറുകൾ: ദ്രവ ഓക്സിജൻ ലഭിക്കാത്തതു വെല്ലുവിളി

0

കൊച്ചി ∙ ആഭ്യന്തര ഉപയോഗത്തെക്കാളേറെ ഉൽപാദനമുണ്ടായിട്ടും സംസ്ഥാനത്തെ പല ജില്ലകളും ഓക്സിജൻ ക്ഷാമത്തിലേക്ക്. പാലക്കാട്, വയനാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പല സ്വകാര്യ ആശുപത്രികളിലും ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ആശുപത്രികളുടെയും വിതരണ സ്ഥാപനങ്ങളുടെയും ടാങ്കറുകളിലേക്കു വേണ്ടത്ര ദ്രവ ഓക്സിജൻ ലഭിക്കാത്തതും വാതക ഓക്സിജൻ വിതരണത്തിനുള്ള സിലിണ്ടറുകളുടെ കുറവുമാണു ക്ഷാമത്തിനു പിന്നിൽ. ഓക്സിജൻ ലഭ്യത കുറഞ്ഞ സ്വകാര്യ ആശുപത്രികൾ ഗുരുതരാവസ്ഥയിലുള്ള കോവിഡ് ബാധിതർക്കു പ്രവേശനം നൽകുന്നില്ല.

നിറയാതെ ടാങ്കറുകൾ

13 – 17 ടൺ ശേഷിയുള്ള ക്രയോജനിക് ടാങ്കറുകളിലാണു ദ്രവ ഓക്സിജനെത്തിക്കുന്നത്. എന്നാൽ, നിലവിൽ ടാങ്കറുകളുടെ ശേഷിയുടെ പകുതി പോലും നിറച്ചുനൽകാൻ ഉൽപാദകർ തയാറാകുന്നില്ല.

പ്രമുഖ ആശുപത്രികളിലെല്ലാം ദ്രവ ഓക്സിജൻ ടാങ്കുകളും രോഗിയുടെ കിടക്ക വരെ വിതരണ സംവിധാനവുമുണ്ട്. എന്നാൽ, ദ്രവ ഓക്സിജൻ വിതരണം നാമമാത്രമായതോടെ ബൾക്ക് സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. വലിയ ആശുപത്രികളിൽ ഇവ തീരുന്ന മുറയ്ക്കു മാറ്റി ഘടിപ്പിക്കാൻ കഠിനപ്രയത്നം വേണം. ഒരു മണിക്കൂറിൽ 250 സിലിണ്ടറുകൾ വരെ മാറ്റി ഘടിപ്പിക്കേണ്ടി വരുന്ന ആശുപത്രികളുണ്ട്.

കരുതൽ ശേഖരം ഇല്ലാതായതോടെ വിതരണക്കാരിൽ ഭൂരിഭാഗവും അന്നന്നത്തെ ഉപയോഗത്തിനുള്ള ഓക്സിജൻ മാത്രം നൽകുന്ന ഞാണിൻമേൽക്കളിയാണു നടത്തുന്നത്. വാതക ഓക്സിജൻ ഉൽപാദിപ്പിക്കുന്ന എയർ സെപ്പറേഷൻ യൂണിറ്റുകളെയാണ് ഇവർ പ്രധാനമായും ആശ്രയിക്കുന്നത്. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ, ക്രയോജനിക് ടാങ്കറുകളുടെ കുറവ് കേരളത്തിലില്ല. വിതരണക്കാർക്ക് ആവശ്യത്തിനു ടാങ്കറുകളുണ്ട്.

ക്ഷാമം പരിഹരിക്കാൻ  സിലിണ്ടർ ഏറ്റെടുക്കൽ

ഓക്സിജൻ സിലിണ്ടറുകൾക്കു ക്ഷാമമുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നു പെട്രോളിയം എക്സ്പ്ലോസിവ്സ് ആൻഡ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) നേതൃത്വത്തിൽ ജില്ലാ കലക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ചിരുന്നു. വ്യവസായ ആവശ്യത്തിനുള്ളവ ഉൾപ്പെടെ പരമാവധി സിലിണ്ടറുകൾ ആശുപത്രികൾക്കായി ഏറ്റെടുക്കാനും വാൽവുകളിൽ മാറ്റം വരുത്തി ഉപയോഗയോഗ്യമാക്കാനും തീരുമാനിച്ചു. ഇതുപ്രകാരം ഇതിനകം 793 സിലിണ്ടറുകൾ ഏറ്റെടുത്തു. കൊച്ചിൻ ഷിപ്‌യാഡിലുണ്ടായിരുന്ന മുന്നൂറോളം ആർഗൺ, നൈട്രജൻ സിലിണ്ടറുകൾ ഓക്സിജൻ സിലിണ്ടറുകളാക്കി. കൂടുതൽ വരും ദിവസങ്ങളിൽ ഏറ്റെടുക്കും.

കഞ്ചിക്കോട് ഐനോക്സ് കമ്പനിയിൽ നിന്നു സംസ്ഥാനത്തിനുള്ള ദ്രവ ഓക്സിജൻ വിഹിതം 99 ടണ്ണിൽ നിന്നു 150 ടൺ ആക്കി കേന്ദ്ര സർക്കാർ ഉയർത്തിയിട്ടുണ്ട്. കൊച്ചിൻ ഷിപ്‌യാഡ്, ചവറ കെഎംഎംഎൽ, സംസ്ഥാനത്തെ 11 എയർ സെപ്പറേഷൻ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്നു ലഭിക്കുന്ന ഓക്സിജനു പുറമേയാണിതെന്നു സംസ്ഥാനത്തെ ഓക്സിജൻ വിതരണ മേൽനോട്ടച്ചുമതലയുള്ള ഡോ. ആർ.വേണുഗോപാൽ പറഞ്ഞു.

Leave A Reply

Your email address will not be published.