ഉത്തരമില്ല വോട്ടെവിടെ?; ചേരിപ്പോര് രൂക്ഷം: അന്വേഷിക്കാൻ ബിജെപി പ്രത്യേക സമിതി

0

തിരുവനന്തപുരം ∙ വൻ തിരിച്ചടിയുടെ ആഘാതത്തിൽ നിൽക്കുന്ന ബിജെപിക്കുള്ളിൽ ചേരിപ്പോര് രൂക്ഷമാകുന്നു. പരസ്യപ്രതികരണത്തിലേക്കു ചില നേതാക്കൾ പോയതോടെ പൊട്ടിത്തെറി ഒഴിവാക്കാൻ ബിജെപിയുടെ കേന്ദ്ര നേതൃത്വം ഇടപെട്ട് ഇന്നലെ രാത്രി ഓൺലൈൻ വഴി അടിയന്തര കോർ കമ്മിറ്റി യോഗം ചേർന്നു. വോട്ടുചോർച്ച അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാൻ ഈ യോഗം തീരുമാനിച്ചു. പരസ്യപ്രതികരണങ്ങൾക്കു വിലക്കേർപ്പെടുത്തി.

പരസ്പരം പോരടിക്കുന്നതിനിടെ, കേരളത്തിലെ പല മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് യുഡിഎഫിന് കച്ചവടം നടത്തിയെന്ന കടുത്ത ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചതിനു മറുപടി പറയാനും നേതാക്കൾ കണക്കു നോക്കുകയാണ്. 10 മണ്ഡലങ്ങളിലെ വോട്ടു കണക്കു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ചില മണ്ഡലങ്ങളിൽ പാർട്ടി വോട്ട് കുത്തനെ കുറഞ്ഞു. കോട്ടയം ജില്ലയിൽ മാത്രം ഒരു ലക്ഷം വോട്ടു കുറഞ്ഞുവെന്നാണു കണക്ക്. 2016 ലെ തിരഞ്ഞെടുപ്പു വച്ചാണ് ഇൗ കണക്കുകൂട്ടുന്നത്. പക്ഷേ ഓരോ മണ്ഡലത്തിലും 3000 വോട്ടുകളെങ്കിലും പുതുതായി ബിജെപി ചേർത്തു. ആ വോട്ടുകളും കാണാനില്ല. സ്വാഭാവികമായ വളർച്ച പോലും ഉണ്ടായില്ലെന്നത് നേതൃത്വത്തെ അമ്പരപ്പിക്കുന്നു.

യുഡിഎഫിന് വോട്ടുമറിച്ചുവെന്ന് സിപിഎം ആരോപിക്കുമ്പോൾ, കോൺഗ്രസ് മുക്ത ഭാരതത്തിനായി, കോൺഗ്രസ് ജയിക്കുമെന്ന നിലയുള്ള മണ്ഡലങ്ങളിൽ ബിജെപി സിപിഎമ്മിന് വോട്ടു വിറ്റു എന്നു കോൺഗ്രസും ആരോപിക്കുന്നു. ഇതിനായി നേതാക്കളെ പല മണ്ഡലത്തിലേക്കും മാറ്റി പരീക്ഷിച്ചുവെന്നാണ് ആരോപണം. ഇരുമുന്നണികളും ബിജെപിക്കെതിരെ വോട്ടുമറിക്കൽ ആരോപണം ശക്തമാക്കുമ്പോൾ മറുപടിയും പരിമിതമാണ്. മണ്ഡലങ്ങളിൽ കാര്യമായി വോട്ടു കുറഞ്ഞുവെന്നതു തന്നെ കാരണം. എറണാകുളം ജില്ലയിൽ മത്സരിച്ച 5 സംസ്ഥാന ഭാരവാഹികൾ നാലാം സ്ഥാനത്തേക്കു പോയെന്നതും ബിജെപിയിൽ കലാപ ഭീഷണി ഉയർത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പെടെ താരപ്രചാരകർ വന്നുപോയ മണ്ഡലങ്ങളിൽ പോലും വോട്ട് കുറഞ്ഞു. പ്രചാരണ കുതിപ്പിൽ 20 % വരെ വോട്ടുയർത്താനായിരുന്നു ലക്ഷ്യം. വോട്ടെടുപ്പു കഴിഞ്ഞ് ബിജെപി പ്രതീക്ഷിച്ചത് 18% വോട്ട്. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്റെ വോട്ടുചോർച്ചയും വിവാദമായി. പ്രചാരണ നോട്ടിസ് കെട്ടു പോലും പൊട്ടിക്കാതെ പ്രവർത്തകന്റെ വീടിന്റെ പരിസരത്തുനിന്നു കണ്ടെത്തിയെന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണു പുതിയ വിവാദം.

കേന്ദ്രമന്ത്രി വി. മുരളീധരന്റെ അനുയായിയാണ് ഇദ്ദേഹമെന്നതു വിവാദത്തിനു ബലം കൂട്ടി. 2016 ൽ വി.മുരളീധരന് ഇൗ മണ്ഡലത്തിൽ കിട്ടിയത് 42,732 വോട്ടായിരുന്നു. ഇപ്പോൾ ശോഭയ്ക്കു കിട്ടിയത് 40,193 വോട്ടാണ്. 3000 വോട്ടുകൾ ഇക്കുറി ബിജെപി ചേർത്തിരുന്നു. ഇൗ വോട്ടും കിട്ടിയില്ല. മിക്ക ജില്ലകളിലുംനിന്ന് ഇത്തരം വോട്ടുകുറവിനെപ്പറ്റി നേതാക്കളുടെ പരസ്യപ്രതികരണമെത്തുന്നുണ്ട്.

Leave A Reply

Your email address will not be published.