കോണ്‍ഗ്രസിൽ വെടിയൊച്ച: രമേശ് മാറിയാൽ സതീശനോ തിരുവ‍ഞ്ചൂരോ പ്രതിപക്ഷ നേതാവ്

0

തിരുവനന്തപുരം∙ വൻ തിരിച്ചടിക്കു പിന്നാലെ കോൺഗ്രസിൽ നേതൃത്വത്തെ ലാക്കാക്കി വെടിയൊച്ച ഉയർന്നു. വിവിധ നേതാക്കളുടെ പ്രതികരണങ്ങൾക്ക് അതേസമയം ആസൂത്രിത സ്വഭാവമില്ല. അതുകൊണ്ടു തന്നെ നേതൃത്വത്തിനെതിരെ പടയൊരുക്കത്തിലേക്കു കാര്യങ്ങൾ എത്തിയിട്ടുമില്ല. അതേസമയം ഇനി ഇങ്ങനെ പോയാൽ പറ്റില്ലെന്ന വികാരം ശക്തം.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ തോൽവി സംബന്ധിച്ചു ഹ്രസ്വ ചർച്ച നടത്തി. കോവിഡ് സാഹചര്യം സർക്കാരിനും മുഖ്യമന്ത്രിക്കും നേടിക്കൊടുത്ത മേൽക്കൈയാണ് ഇടതുമുന്നണിയെ സഹായിച്ച പ്രധാന ഘടകം എന്ന വിലയിരുത്തലാണ് ഉണ്ടായത്. പ്രതിപക്ഷത്തിന്റെ ശബ്ദം വേണ്ടവിധം ജനങ്ങളിലേക്ക് എത്തിയില്ല. ഒപ്പം കോൺഗ്രസിന്റെ സംഘടനാ ദൗർബല്യങ്ങൾ തീർക്കാനുള്ള ശ്രമങ്ങൾ ഫലിക്കാതെ കൂടി വന്നതോടെ ഇടതു മുന്നണിക്കു കാര്യങ്ങൾ അനായാസമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Indira-Bhavan
ഇന്നലെ അടഞ്ഞു കിടന്ന കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവൻ. ചിത്രം: മനോരമ

യുഡിഎഫ്, കെപിസിസി നേതൃയോഗങ്ങൾ ചേരുന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ല. തിരക്കിട്ട് ഇതു ചേരണോ എന്ന ആശയക്കുഴപ്പം നേതൃത്വത്തിനുണ്ട്. അതേസമയം പരസ്യ പ്രസ്താവനകൾ തുടരുന്നതിലും നല്ലതു മുന്നണി, പാർട്ടി വേദികൾ വിളിച്ചു ചർച്ച നടത്തുകയാണെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ തോൽവിക്കു പിന്നാലെയുള്ള തിരിച്ചടിയാണ് എന്നതിനാൽ ഒറ്റപ്പെട്ട പരാജയമായി കണക്കാക്കാൻ കഴിയില്ലെന്നാണു വിമർശകർ ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ തിരിച്ചടിക്കു ശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കസേര ലക്ഷ്യമിട്ടു പടയൊരുക്കം തുടങ്ങിയിരുന്നു. എഐസിസി ഇടപെട്ട് അതിനു തടയിടുകയും ഡിസിസി തലത്തിലും താഴേക്കും അഴിച്ചുപണി തീരുമാനിക്കുകയും ചെയ്തു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമാണെന്ന് ചൂണ്ടിക്കാട്ടി എ, ഐ ഗ്രൂപ്പുകൾ ഡിസിസി പുനഃസംഘടനയ്ക്കു തടയിട്ടു. വോട്ടുറപ്പിക്കേണ്ട പ്രക്രിയ ചെയ്യേണ്ട ബൂത്ത് കമ്മിറ്റികളിൽ 50% നിർജീവമാണ്. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ ചില അഴിച്ചുപണിക്കു ശ്രമിച്ചെങ്കിലും അതും കാര്യമായി പുരോഗമിച്ചില്ല.

ആലപ്പുഴയിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു ഡിസിസി പ്രസിഡന്റ് എം.ലിജു രാജിവച്ചതും ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ രാജി സന്നദ്ധത പ്രകടിപ്പിച്ചതും കെപിസിസി നേതൃത്വത്തെ സമ്മർദത്തിലാക്കുന്നു.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റും യുഡിഎഫ് നേടിയപ്പോൾ അതിന്റെ ക്രെഡിറ്റ് തനിക്ക് ആരെങ്കിലും നൽകിയോ എന്നാണു കെപിസിസി പ്രസിഡന്റ് ചോദിക്കുന്നത്. അതുകൊണ്ടു പരാജയത്തിന്റെ പാപഭാരം തന്നിൽ മാത്രം ചുമത്താൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് എന്നീ രണ്ടു സ്ഥാനങ്ങളിലേക്കും പുതിയവർ വരട്ടെ എന്ന നിർദേശം സജീവ പരിഗണനയിലുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യത്തിൽ മനസ്സു തുറന്നിട്ടില്ല. അദ്ദേഹം ഒഴിവാകുകയും ഉമ്മൻ ചാണ്ടി വീണ്ടും മാറി നിൽക്കുകയും ചെയ്താൽ വി.ഡി.സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെ പരിഗണിക്കും. ഗ്രൂപ്പിന് അതീതമായി സതീശൻ നേതൃസ്ഥാനത്തേക്കു വരണമെന്ന് ആഗ്രഹിക്കുന്ന യുവ എംഎൽഎമാരുണ്ട്. ഗ്രൂപ്പ് നേതൃത്വം എംഎൽഎമാരുടെ മനസ്സറിയാനുള്ള ശ്രമങ്ങളും തുടങ്ങി.

എഐസിസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നിയമസഭാകക്ഷി യോഗം വിളിച്ച് എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം പാർലമെന്ററി പാർട്ടി നേതാവിനെ കോൺഗ്രസ് അധ്യക്ഷ നിർദേശിക്കുന്ന കീഴ്‌വഴക്കമാണ് പിന്തുടരുന്നത്. അതിനു മുൻപ് ഇക്കാര്യത്തിൽ അഭിപ്രായ ഐക്യം ഉണ്ടാക്കാൻ ശ്രമം നടത്തും.

കോൺഗ്രസിൽ തുടർചലനങ്ങൾ

ആലപ്പുഴ: എം. ലിജു ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

ജില്ലയിലെ തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റ് എം.ലിജു രാജി വച്ചു. കെപിസിസി പ്രസിഡന്റിനെ ഫോണിൽ കിട്ടാത്തതിനാൽ രാജിക്കത്ത് ഇമെയിലായി അയച്ചിട്ടുണ്ടെന്നു ലിജു പറഞ്ഞു.

‘ 4 വർഷം മുൻപ് കോൺഗ്രസ് പ്രസിഡന്റായിരുന്ന രാഹുൽ ഗാന്ധി ഒരു ദൗത്യവുമായാണ് എന്നെ ഉൾപ്പെടെയുള്ളവരെ പാർട്ടി നേതൃത്വം ഏൽ‍പിച്ചത്. നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്നാണു ഞങ്ങളെല്ലാം പ്രതീക്ഷിച്ചത്. പക്ഷേ, സാധിച്ചില്ല. അടുത്ത 5 വർഷം ശക്തമായ പ്രവർത്തനത്തിലൂടെ അധികാരത്തിൽ തിരിച്ചെത്താൻ മുഴുവൻ സമയ പ്രവർത്തകനായി പാർട്ടിക്കൊപ്പം ഉണ്ടാകും’– ലിജു പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ലിജു 11,125 വോട്ടുകൾക്കു പരാജയപ്പെട്ടിരുന്നു.

വടക്കാഞ്ചേരി (തൃശൂർ): ഇനി മത്സരിക്കില്ലെന്ന് അനിൽ അക്കര

ഇനി മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നു കോൺഗ്രസ് നേതാവ് അനിൽ അക്കര. ‘ഈ തിരഞ്ഞെടുപ്പിനു മുൻപുതന്നെ അടുത്ത തിരഞ്ഞെടുപ്പിൽ‌ മത്സരിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. പാർലമെന്ററി മത്സരങ്ങൾക്കില്ല എന്നുതന്നെയാണു പറഞ്ഞത്. ഗ്രാമപഞ്ചായത്തിലേക്കു പോലും മത്സരിക്കില്ല. സ്വന്തം പഞ്ചായത്തായ അടാട്ടു കൂടി നഷ്ടപ്പെട്ടതു വൻ തിരിച്ചടിയാണ്. ഇനി പ്രവർത്തകർ ചേർന്നു പാർട്ടി വളർത്തണം. മത്സരിക്കാൻ പറ്റില്ലെന്നുറപ്പിച്ചു ജോലിചെയ്യുന്ന പാർട്ടി നേതാക്കൾ ഉണ്ടെങ്കിൽ മാത്രമേ അതേ മനോഭാവമുള്ള അണികൾ ഉണ്ടാകൂ’– അനിൽ പറഞ്ഞു. വടക്കാഞ്ചേരി എംഎൽഎ ആയിരുന്ന അനിൽ എൽഡിഎഫിലെ സേവ്യർ ചിറ്റിലപ്പിള്ളിയോടു പരാജയപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.