കോവിഡ്, കർഫ്യൂ: കെഎസ്ആർടിസി രാത്രിയോട്ടം നിർത്തുന്നു

0

കോഴിക്കോട്∙ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യത്തിനു യാത്രക്കാരില്ലാതെ ഇന്ധനച്ചെലവിനു പോലും വരുമാനമില്ലാത്ത അവസ്ഥയിലായ കെഎസ്ആർടിസി രാത്രികാല സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. പരമാവധി സർവീസുകൾ രാവിലെ ഏഴിനും രാത്രി ഏഴിനുമിടയിൽ ക്രമീകരിക്കാനാണു പുതിയ തീരുമാനം. രാത്രികാല സർവീസുകൾ നിലയ്ക്കുന്നതോടെ യാത്രക്കാർ പെരുവഴിയിലാവും.

ലോക്‌ഡൗൺ‌ കാലത്തെ മാന്ദ്യത്തിനു ശേഷം, കഴിഞ്ഞ മാർച്ചിൽ കെഎസ്ആർടിസി 115. 26 കോടി രൂപ വരുമാനമുണ്ടാക്കിയെങ്കിലും കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഇന്ധനം നിറയ്ക്കാനുള്ള വരുമാനം പോലുമില്ലാത്ത അവസ്ഥയിലേക്കു കൂപ്പുകുത്തിയിരുന്നു.

പൊതുഗതാഗതം അവശ്യസർവീസായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തൽക്കാലം 50 % ജീവനക്കാരെ മാത്രമുപയോഗിച്ച് പ്രതിദിന സർവീസ് നടത്താനാണു തീരുമാനം.

അതേ സമയം, കോവിഡിന്റെ പേരു പറഞ്ഞ് ഡബിൾ ഡ്യൂട്ടി രീതി ഒഴിവാക്കി ചെലവു കുറയ്ക്കുകയെന്ന തന്ത്രമാണു മാനേജ്മെന്റ് നടപ്പാക്കുന്നതെന്നു ജീവനക്കാർ പറയുന്നു.

ആരോ​ഗ്യ പ്രവർത്തകർക്കും രോഗികൾക്കും ബസ് സർവീസ്

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഏതു ഭാ​ഗത്തെയും ആരോ​ഗ്യപ്രവർത്തകർക്കും രോ​ഗികൾക്കും സർവീസ് ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസി കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്നു ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ‌ അറിയിച്ചു. കൺട്രോൾ റൂം നമ്പർ: 0471- 2463799, 9447071021, 8129562972 (വാട്സാപ് നമ്പർ)

Leave A Reply

Your email address will not be published.