ചെന്നൈ സൂപ്പർ കിങ്സിനും കോവിഡ് ഭീഷണി; സംഘത്തിൽ രണ്ടു പേർക്കു പോസിറ്റീവ്

0

ന്യൂഡല്‍ഹി∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പിന്നാലെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനും കോവിഡ് ഭീഷണി. ചെന്നൈ സംഘത്തിലെ രണ്ടുപേര്‍ക്കു കോവിഡ് പോസിറ്റീവായി. താരങ്ങള്‍ക്കാര്‍ക്കും ടെസ്റ്റിൽ പോസിറ്റീവ് ആയിട്ടില്ല. ന്യൂഡൽഹിയിൽ‌ ടീം ബസിന്റെ ക്ലീനർ‌ക്കും പോസിറ്റീവായി. തിങ്കളാഴ്ച മൂന്ന് പേർക്ക് പോസിറ്റീവായതോടെ ഇവരെയെല്ലാം സംഘത്തിൽനിന്നും മാറ്റി. തിങ്കളാഴ്ചത്തെ പരിശീലനവും ടീം റദ്ദാക്കി.

ടീമുകളെയെല്ലാം സുരക്ഷിതമായി ബയോ ബബിളിൽ പാർപ്പിച്ചിട്ടും കോവിഡ് ബാധ കടന്നുവന്നത് ഐപിഎല്ലിനു ഭീഷണിയായിരിക്കുകയാണ്. കൊൽക്കത്ത ടീമിൽ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തിങ്കളാഴ്ച നടക്കാനിരുന്ന കൊൽക്കത്ത– ബാംഗ്ലൂർ മത്സരം മാറ്റിവച്ചു. ചെന്നൈ സംഘം ഇന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് പേർക്കു പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്.

തുടർന്ന് താരങ്ങളോടെല്ലാം ഐസലേഷനിൽ നിൽ‍ക്കാന്‍ ആവശ്യപ്പെട്ടതായി ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. താരങ്ങൾക്കു വീണ്ടും പരിശോധന നടത്തും. മറ്റു ടീമുകളിലും വൈറസ് ബാധ സ്ഥിരീകരിച്ചാൽ എന്തു നടപടിയായിരിക്കും അധികൃതർ‌ സ്വീകരിക്കുകയെന്നു വ്യക്തമല്ല. ഡൽഹിയിലെ ഹോട്ടലിലാണ് ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ ഇപ്പോഴുള്ളത്.

Leave A Reply

Your email address will not be published.