പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണം 2022 ഡിസംബറിനുള്ളിൽ തീർക്കണം: കേന്ദ്രം

0

ന്യൂഡൽഹി∙ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും സെൻട്രൽ വിസ്ത പദ്ധതിയിൽ വിട്ടുവീഴ്ചയില്ലാതെ കേന്ദ്രസർക്കാർ. പദ്ധതിയുടെ ആദ്യഘട്ടത്തിലുള്ള പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണം അടുത്തവർഷം ഡിസംബറിനുള്ളിൽ പൂർത്തിയാക്കണമെന്ന് സർക്കാർ നിർദേശം നൽകി.

നിർമാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചതിനു പിന്നാലെയാണു സർക്കാർ നിർദേശം. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പദ്ധതി നിർത്തിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആവശ്യമുന്നയിക്കുന്നതിനിടയിലാണു സർക്കാരിന്റെ പുതിയ നടപടി.

സെൻട്രൽ വിസ്ത പദ്ധതി ‘അവശ്യ സർവീസ്’ ആയി പരിഗണിക്കുന്നതിനാൽ നിർമാണവുമായി മുന്‍പോട്ടു പോകാനാണു തീരുമാനം. പ്രധാനമന്ത്രിയുടെ പുതിയ വസതിക്കൊപ്പം പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന എസ്പിജിയുടെ ആസ്ഥാനവും പ്രധാന ഓഫിസുകളും ആദ്യഘട്ട നിർമാണത്തിലുണ്ട്. നിലവിൽ, ലോക് കല്യാൺ മാർഗിലാണ് പ്രധാനമന്ത്രിയുടെ വസതി. ഉപരാഷ്ട്രപതിയുടെ വസതിയുടെ നിർമാണം അടുത്ത മേയിൽ തീരുമെന്നാണു പ്രതീക്ഷിക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടെ 20,000 കോടി രൂപയിലേറെ മുതൽമുടക്കു വരുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. കോവിഡ് വ്യാപനത്തിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യയ്ക്ക് സെൻട്രൽ വിസ്ത പദ്ധതി ആവശ്യമില്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദീർഘവീക്ഷണമുള്ള കേന്ദ്ര സർക്കാരിനെയാണു രാജ്യത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.