ബംഗാളിൽ അക്രമം; പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് തൃണമൂൽ, ബിജെപി

0

കൊൽക്കത്ത∙ ബംഗാളിൽ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ തുടങ്ങിയ സംഘർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിച്ചു. പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപിയും തൃണമൂൽ കോൺഗ്രസും ആരോപിച്ചു. അക്രമ സംഭവങ്ങളിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഞായറാഴ്ചയും ഇന്നലെയുമായി നടന്ന അക്രമങ്ങളിൽ ബർദാനിൽ കൊല്ലപ്പെട്ട നാലു പേരിൽ മൂന്നും തങ്ങളുടെ പ്രവർത്തകരാണെന്ന് തൃണമൂൽ‌ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് അക്രമങ്ങളിൽ ഇതുവരെ തങ്ങളുടെ 6 പ്രവർത്തകരെ കൊലപ്പെടുത്തിയതായി ബിജെപി ആരോപിച്ചു.

ഓഫിസുകൾ തീവച്ചു നശിപ്പിച്ചതായും പ്രവർത്തകരുടെ കടകളും സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിച്ചതായും ബിജെപി ആരോപിക്കുന്നു. വടികളുമായി ഇരച്ചുകയറി പാർട്ടി ഓഫിസിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു. മമത ബാനർജി മത്സരിച്ച നന്ദിഗ്രാമിലും സംഘർഷം നിയന്ത്രിക്കാനായിട്ടില്ല. തൃണമൂൽ അക്രമങ്ങൾക്കെതിരെ നാളെ രാജ്യവ്യാപക ധർണ നടത്തുമെന്ന് ബിജെപി അറിയിച്ചു.

സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ഗവർണർ ജഗ്ദീപ് ധൻകർ ആഭ്യന്തര സെക്രട്ടറി, ഡിജിപി, കൊൽക്കത്ത പൊലീസ് കമ്മിഷണർ എന്നിവരെ വിളിച്ചുവരുത്തി. അതേസമയം, പ്രകോപനങ്ങളിൽ വീഴരുതെന്നും സമചിത്തത പാലിക്കണമെന്നും പാർട്ടി പ്രവർത്തകരോട് മമത ബാനർജി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.